കേരളത്തിന്റെ കൊവിഡ് പ്രതിരോധം ശ്രദ്ധേയം; ആരോഗ്യ മന്ത്രി കെ കെ ഷൈലജ ബിബിസി വേള്ഡ് ന്യൂസില് തല്സമയം
കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള ചെറുത്ത് നില്പ്പിലാണ് മാസങ്ങളായി ലോകം. കേരളത്തിലും പ്രതിരോധപ്രവര്ത്തനങ്ങള് ശക്തം. കൊറോണ വൈറസിനെതിരെയുള്ള കേരളത്തിന്റ ചെറുത്തുനില്പ്പ് അന്താരാഷ്ട്രതലത്തില്തന്നെ ശ്രദ്ധ നേടുന്നു. നമ്മുടെ പ്രതിരോധപ്രവര്ത്തനങ്ങളെക്കുറിച്ച് രാജ്യാന്തര മാധ്യമമായ ബിബിസിയില് തല്സമയം വിശദീകരിച്ചിരിക്കുകയാണ് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ലൈവ് ചര്ച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.
അതേസമയം കേരളത്തിന്റെ പ്രതിരോധപ്രവര്ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ബിബിസി ന്യൂസ് തല്സമയ ചര്ച്ചയ്ക്കിടെ നല്കി. കൊവിഡിനെ ചെറുക്കാന് കേരളം സ്വീകരിച്ച പ്രതിരോധപ്രവര്ത്തനങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി വ്യക്തമാക്കി. ആര്ദ്രം പദ്ധതിയെക്കുറിച്ചും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചും കെ കെ ഷൈലജ വിശദീകരിച്ചു.
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തില്തന്നെ കൃത്യമായ മാര്ഗനിര്ദ്ദേശങ്ങള് ആരോഗ്യ വകുപ്പും സര്ക്കാരും നല്കിയിരുന്നു. വിവിധ ഇടങ്ങളില് നിന്നും കേരളത്തിലെത്തിയവരെ പരിശോധനകള്ക്ക് വിധേയമാക്കി. രോഗലക്ഷണങ്ങളുള്ളവരെ ഐസലേറ്റ് ചെയ്തു. രോഗികളെ ആരോഗ്യപ്രവര്ത്തകര് കൃത്യതയോടെ നിരീക്ഷിച്ചു, ചികിത്സിച്ചു. ഇത്തരം നടപടികളെല്ലാം രോഗവ്യാപനം തടയാന് സഹായിച്ചെന്നും ആരോഗ്യ മന്ത്രി കെ കെ ഷൈലജ വ്യക്തമാക്കി.
Story highlights: Minister KK Shylaja explains Kerala Model of tackling Covid 19 in BBC World News