‘നാടോടുമ്പോൾ നമുക്കും നടുവേ ഓടാം, ഹാപ്പി മദേഴ്‌സ് ഡേ’
ർ ണീം….. ർ ണീം… ആ ലാൻഡ് ഫോൺ നീട്ടിയടിച്ചു.
വല്ലപ്പോഴും മാത്രം നീട്ടിയടിക്കാറുള്ള ഫോണിന്റെ ബെല്ലടി ശബ്ദം കേട്ട് അതെടുക്കാനായി ഓടിയെത്തി കൗസല്യാമ്മ. കിതച്ചു കൊണ്ട് അവരാ ഫോണെടുത്തു. “ ഹലോ “
“ഹാപ്പി മദേഴ്‌സ് ഡേ “ മറുതലക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.
കൗസല്യ : “ ങ്ഹേ… എന്താ?? “
“ഹാപ്പി മദേഴ്‌സ് ഡേ മമ്മി “…. മറുതലക്കൽ നിന്നും വീണ്ടും ആ ശബ്ദം.
കൗസല്യ : “ ആഹ്… സുചീ, നീയാരുന്നോ??? “
മറുതലക്കൽ നിന്നും സുചി എന്ന സുചിത്ര, കൗസല്യാമ്മയുടെ ഒരേയൊരു മകൾ : “ ഹായ് മമ്മി, മദേഴ്‌സ് ഡേ വിഷ് ചെയ്യാൻ വിളിച്ചതാ… “
കൗസല്യ : “ മദേഴ്‌സ് ഡേയോ? അതെന്നതാടീ?? “
സുചിത്ര : “ മമ്മി, മെയ് മാസം രണ്ടാം ഞായറാഴ്ച മദേഴ്‌സ് ഡേയാണ് !!”
കൗസല്യ :” എടീ സുചീ, നിന്നോട് ഞാൻ പലയാവർത്തി പറഞ്ഞിട്ടുള്ളതാ എന്നെ മമ്മീന്ന് വിളിക്കരുതെന്ന്. “
“ നീയങ് ബാംഗ്ലൂര് ചെന്നിട്ട് ഒരാണ്ടല്ലേ ആയുള്ളൂ. അതിനു മുമ്പ് വരെ അമ്മേന്നല്ലേ വിളിച്ചോണ്ടിരുന്നേ, എന്നെ അങ്ങനെ തന്നെ വിളിച്ചാ മതി. “
സുചിത്ര : “ എന്റെ മമ്മി, നമ്മുടെ പട്ടിക്കാട് നാട്ടുമ്പുറം പോലൊന്നുമല്ല ഈ ബാംഗ്ലൂര്…. വല്യ ബിഗ് സിറ്റിയാ…, ഇവിടെ എന്റെ ഫ്രണ്ട്‌സ് ഒക്കെ അമ്മയെ മമ്മീന്നാ വിളിക്കുന്നെ. പിന്നെ ഞാൻ എങ്ങനെയാ ഈ അമ്മേ എന്ന് വിളിക്കുന്നെ?? എന്നെ പട്ടിക്കാട് ഫെല്ലോന്ന് വിളിക്കൂല്ലേ?? “
കൗസല്യ : “ എടീ സുചീ, ഈ മദേഴ്‌സ് ഡേ എന്ന് പറഞ്ഞു വിഷ് ചെയ്യാൻ ആണ്ടിലൊരു ദിവസം മാത്രേയുള്ളോ? “
ബാക്കി ദിവസം അമ്മമാർക്ക് സന്തോഷിക്കാനും ആഘോഷിക്കാനും പാടില്ലേ??? “
സുചിത്ര : “ ഓ.. ഈ മമ്മിക്ക് ഇതൊന്നും പറഞ്ഞാ മനസ്സിലാവൂല്ല. എനിക്ക് ഓഫീസിൽ പോകാൻ നേരമായി “
കൗസല്യ :” മോളെ, നീ മദേഴ്‌സ് ഡേ വിഷ് ചെയ്യാനായിട്ടാണേലും ഓണത്തിന് ശേഷം ഒന്ന് വിളിച്ചല്ലോ. അല്ലേൽ ഞാനങ്ങോട്ടല്ലേ വിളിക്കാറ്…. “
സുചിത്ര :” ഈ മമ്മിക്കെപ്പോഴും പരാതി തന്നെ. ഇതാ ഞാൻ വിളിക്കാത്തെ. “
കൗസല്യ : “എന്തായാലും നീ വിളിച്ചതിന് സന്തോഷം. “
“എന്റെ മോള് നിന്റെ കല്യാണത്തിന് എടുത്ത ഫോട്ടോ തപ്പിയെടുത്തു വയ്ക്ക്. നിനക്ക് ഞാനൊരു ഉമ്മ തരുന്ന ഫോട്ടോയുണ്ടല്ലോ അതില്, നിന്റെ വാട്സ്ആപ്പ് പ്രൊഫൈലിനും സ്റ്റാറ്റസിനും ഇടാൻ പറ്റിയ ഫോട്ടോകളാ. പറ്റുമെങ്കിൽ മോള് ഫേസ്ബുക്കിലും ആ ഫോട്ടോ പോസ്റ്റ് ചെയ്യണം, ലൈക്ക് കിട്ടൂലേ … ”
സുചിത്ര :” ഓഹ്… മമ്മി ഓർമിപ്പിച്ചത് നന്നായി, ഞാൻ കല്യാണം കഴിഞ്ഞിറങ്ങിയപ്പോൾ മമ്മി എന്നെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു ഫോട്ടോയുണ്ട്, ഞാനിന്നത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും മമ്മി…
ലൈക്സിന്റെ മേളമായിരിക്കും ഇന്ന് മമ്മി, ഉം…മ്മ…ഞാനത് പെട്ടെന്ന് ഷെയർ ചെയ്യട്ടെ, ബൈ മമ്മി…“
സുചിത്ര ഫോൺ അങ്ങേത്തലക്കൽ വയ്ക്കുന്ന ശബ്ദം കൗസല്യാമ്മ കേട്ടു.
കൗസല്യാമ്മ റിസീവറും കയ്യിൽ പിടിച്ചു കുറച്ചു നേരം നിന്നു. ശേഷം അരികിലുണ്ടായിരുന്ന കസേരയിലേക്ക് പതിയെ ഇരുന്നു.
“ കൗസല്യേ… “ ആ വിളി കേട്ടു കൊണ്ട് അവരെഴുന്നേറ്റു.
“ ആഹ്… ശാന്തയോ?? വാടീ, കേറിയിരി “
അയൽവക്കത്തെ കൂട്ടുകാരിയുടെ പതിവ് വരവായിരുന്നു.
ശാന്ത : “ആരായിരുന്നെടീ രാവിലെ ഫോണിൽ?? “
കൗസല്യ : “ സുചി “
ശാന്ത : “അവളെന്തു പറയുന്നെടീ?? “
“ സുഖാണോ അവൾക്ക്? “
“വിശേഷം വല്ലോം?? “
കൗസല്യ : “ഹാപ്പി മദേഴ്‌സ് ഡേ “
ശാന്ത : ”ങ്ഹേ…. അതെന്തുവാ??? “
കൗസല്യ : “ ആഹ്.. അങ്ങനൊന്നുണ്ട്. നമ്മടെ മക്കൾക്ക് നമ്മളെ ഓർക്കാനൊരു ദെവസം. !!!”
ശാന്ത : “ അപ്പൊ ബാക്കി 364 ദെവസോ?? നമ്മളെ ഓർക്കൂലേ?? “
കൗസല്യ :” ഇപ്പൊ ഇങ്ങനാടീ ശാന്തേ,
“മദേഴ്‌സ് ഡേ “
“ഫാദേഴ്‌സ് ഡേ “
“ബ്രദേഴ്‌സ് ഡേ “
“ വിമൻസ് ഡേ “
“അങ്ങനെയങ്ങനെ ഓരോരുത്തരെ ഓർക്കാനൊരു ദെവസം. “
ശാന്ത :” കാലം പോയ പോക്കേ?“, “ ഇതിനൊക്കെ ദെവസം ഒക്കെ ഒണ്ടോ?? “
കൗസല്യ :” അമ്മ വല്ലോം കഴിച്ചോ? അമ്മക്കെന്താ വയ്യേ, എന്തേലും ബുദ്ധിമുട്ടുണ്ടോ എന്നാരേലും ചോദിക്കാറുണ്ടോടീ ശാന്തേ??“ “അമ്മമാരെന്തെലും ചോദിക്കയോ പറയുകയോ ചെയ്താൽ അമ്മക്കെപ്പോഴും പരാതിയാ… എന്നാ മറുപടി.“
ശാന്ത :” ശരിയാടി.. “കഴിഞ്ഞാഴ്ച പൂജയും ഭർത്താവും കൂടി വന്നിരുന്നല്ലോ? മൂന്നുമാസമായെടീ അവളെ ഒന്ന് കണ്ടിട്ട്, എന്റടുത്തൊന്നിരുന്നിട്ട്… ഞാനെന്റെ മോളോട് അടുപ്പത്തിരുന്ന കറി ഒന്നിളക്കാൻ പറഞ്ഞപ്പോ എന്നോടവള് പറയുവാ ‘ ഞാനൊന്ന് റസ്റ്റ് എടുക്കാനാ ഇവിടെ വരുന്നേ, അതിനും സമ്മതിക്കൂലേന്ന്..“ “ എന്താടീ കൗസല്യേ നമ്മളീ അമ്മമാർക്ക് റെസ്റ്റൊന്നും പറഞ്ഞിട്ടില്ലേ…“
“ആരൊക്ക പോയാലും വന്നാലും നമ്മക്കതൊന്നും ബാധകമല്ല“
ശാന്ത തന്റെ നിറഞ്ഞ കണ്ണുകളൊന്ന് തുടച്ചു.
കൗസല്യ, ശാന്തയുടെ തോളിൽ കൈവച്ചു പറഞ്ഞു: ”അതല്ലേടീ ശാന്തേ
അമ്മ !!! കേടുപാടുകൾ വരാത്ത, ദൈവത്തിന്റെ സൃഷ്ടിയായ ഒരേയൊരു മെഷീൻ !!!!”
“ നാടോടുമ്പോൾ നമുക്കും നടുവേ ഓടാം,
ഹാപ്പി മദേഴ്‌സ് ഡേ ശാന്തേ“
“ഹാപ്പി മദേഴ്‌സ് ഡേ കൗസല്യേ“
Dr.ബിനു രവി
Story Highlights: mothers day short story