‘ആ നോട്ടത്തിൽ ഞാനാകെ പകച്ചുപോയി,എന്റെ കാലുകൾ തളർന്ന പോലെ,ചലിക്കാനാകുന്നില്ല..’- അപൂർവ അനുഭവം പങ്കുവെച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി
ചില അവിശ്വസനീയ സംഭവങ്ങൾ ജീവിതത്തിൽ അനുഭവിക്കാത്തവർ കുറവാണ്. മനസ്സിൽ ഭയമുളവാക്കുന്നതും അപൂർവ്വവുമായ ഇത്തരം സംഭവങ്ങൾ ചിലപ്പോൾ തോന്നലാവാം. അത്തരമൊരു അനുഭവമാണ് നിർമാതാവ് വേണു കുന്നപ്പിള്ളി പങ്കുവയ്ക്കുന്നത്. അനുഭവത്തേക്കാൾ, വളരെ സിനിമാറ്റിക് ആയിട്ടുള്ള വിവരണമാണ് ശ്രദ്ധേയം. ആകാംക്ഷയും കൗതുകവും നിറയ്ക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.
വേണു കുന്നപ്പിള്ളിയുടെ കുറിപ്പ്
ജീവിതയാത്രയിൽ ചെറുതും വലുതുമായ എത്രയോ വിവരണാതീതമായ അനുഭവങ്ങളിൽ കൂടിയാണ് നമ്മൾ കടന്നു പോകുന്നത്. പേടിപ്പെടുത്തുന്നതും, അത്ഭുതമുളവാക്കുന്നതും,ചിന്തകൾക്കതീതവുമായ കാര്യങ്ങൾ അനുഭവിക്കാത്തവർ ചുരുക്കമാണ്. ചിലപ്പോഴത് ആളില്ലാത്ത മുറിയിലെ ഒരു കാലൊച്ചയാകാം, ആരുമില്ലാതെ പുറകിൽ നിന്നുള്ള ഒരു വിളിയാവാം,പാതി മയക്കത്തിൽ ആരെങ്കിലും നമ്മളെ കഴുത്തിനു പിടിച്ച് ശ്വാസംമുട്ടിക്കുന്ന പോലെയും,പെട്ടെന്ന് എവിടെ നിന്നോ കടന്നു വരുന്ന സുഗന്ധമായിട്ടുമാകാം…ഭൂത പിശാച് എന്നും,ചിലപ്പോൾ വെറുതെ തോന്നിയത്, എന്നുമെല്ലാം നമ്മൾ കരുതുന്നു. എന്നാൽ ചിലതെല്ലാം നമ്മുടെ മനസ്സിന്റെ തന്നെ താളപ്പിഴകളായിരിക്കാം.
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ആ സംഭവം നടന്നത്.. സ്വപ്നം എന്നു തോന്നുന്ന ആ യാഥാർത്ഥ്യം എന്നും ഓർമ്മയിൽ വേറിട്ടു നിൽക്കുന്നു…വീട്ടിൽ നിന്നും കുറച്ചധികം ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്…അതിൽ പകുതി ദൂരം ഇടുങ്ങിയതും രണ്ടുവശത്തും കരിങ്ങോട്ടയും, ശീമകൊന്നയും കൊണ്ട് കാടുപിടിച്ചതുമായ വഴിയായിരുന്നു…ചീവിടിന്റെയും, അണ്ണാൻ,ഉപ്പൻ തുടങ്ങി പല ജീവികളുടേയും നിർത്താതെയുള്ള ശബ്ദത്താൽ പേടിപ്പെടുത്തുന്നതായിരുന്നു ആ നാട്ടുവഴി…അതു കഴിഞ്ഞാൽ പിന്നെ വിശാലമായ പാടവരമ്പത്തു കൂടെയാണ് പോകേണ്ടത്…വിജനമായ ആ വഴിയിലൂടെ,പകൽപോലും ഒറ്റയ്ക്ക് യാത്രചെയ്യാൻ ആളുകൾക്ക് പേടിയായിരുന്നു… ഇടവഴിയുടേയും, പാടത്തിന്റെയും ഇടയിലായി കിടന്നിരുന്ന വിശാലമായ പുരയിടം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു… ഒറ്റക്കാണെങ്കിൽ ആ സ്ഥലത്തിനടുത്ത് വരെ നടക്കുകയും, പിന്നീട് പുരയിടത്തിന്റെ അതിരുകൾ കഴിയുന്നവരെ നിലംതൊടാതെയുള്ള ഓട്ടവുമായിരുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു…ഉച്ചക്ക് രണ്ടുമണിക്കൂറോളം ബ്രേക്ക് കിട്ടിയിരുന്നതിനാൽ അന്ന് മാത്രമാണ് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിൽ പോയിരുന്നത്…പാടവരമ്പ് കഴിഞ്ഞ് പുരയിടം എത്തിയപ്പോൾ ഏകദേശം നട്ടുച്ചയായിട്ടുണ്ട് …ഉച്ചവെയിലും, പാടത്തു നിന്നുള്ള തണുത്ത കാറ്റും,പലവിധ ശബ്ദവുമെല്ലാം എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നിയിരുന്നു.
ആ സമയത്താണ് ആരുമില്ലാത്ത പുരയിടത്തിലെ പൊട്ടിപ്പൊളിഞ്ഞ ഗേറ്റിനു മുന്നിലായി ഓമനത്തമുള്ള ഒരു കറുത്ത പട്ടിയെ കാണുന്നത്…ജന്മനാൽ മൃഗങ്ങളോട് വളരെ വാത്സല്യമായിരുന്നു എനിക്ക്…ആദ്യം പേടി തോന്നിയെങ്കിലും, വളരെ സൗമ്യതയോടെ അതു നിൽക്കുന്ന കണ്ടപ്പോൾ ഞാൻ ഓട്ടം നിർത്തി അതിന്റെ അടുത്തുചെന്നു…എന്തെന്നില്ലാത്ത ഒരു ആകർഷണമുണ്ടതിന്…എന്നെ സൂക്ഷിച്ചു നോക്കിയാണ് അത് ഇരിക്കുന്നത്..സാവധാനം എണീറ്റ് പൊളിഞ്ഞു കിടക്കുന്ന മതിലിനിടയിൽ കൂടി ഉള്ളിലേക്ക് നടക്കാൻ തുടങ്ങി …
അപ്പോഴാണ് മനസ്സിലായത് അതിന് ഒരു കാലിന് മുടന്തുണ്ടായിരുന്നെന്ന്… മതിൽക്കെട്ടിനകത്ത് കയറിയതിനു ശേഷം എന്നെ തിരിഞ്ഞു നോക്കി വാലാട്ടി നിന്നു…എന്നെ ഉള്ളിലേക്ക് ക്ഷണിക്കുന്ന പോലെ… എങ്ങിനെയെങ്കിലും അതിനെ വീട്ടിൽ കൊണ്ടുപോകണമെന്ന ആഗ്രഹത്താൽ ഞാൻ അകത്തേക്ക് കയറാൻ തുടങ്ങി.. അപ്പോഴാണ് “എവിടെ പോണെടാ” എന്നുള്ള ചോദ്യം കേട്ടത്…എൻറെ വീടിനടുത്തുള്ള ഒരു വല്യച്ഛനായിരുന്നു…ഞാൻ പറഞ്ഞു “ഈ പട്ടിയെ എങ്ങിനെയെങ്കിലും എനിക്ക് വീട്ടിലേക്ക് കൊണ്ടു പോകണം”…എന്നാൽ വല്യച്ഛൻ ചോദിച്ചത് ,ഏത് പട്ടി ഇവിടെ ഒന്നിനെയും കാണാനില്ലല്ലോ എന്ന് ! എനിക്ക് അത്ഭുതമായി, ഈ നിമിഷംവരെ എന്നെ നോക്കി നിന്നിരുന്ന അതിനെ കാണാനില്ല…പുല്ലിനിടയിലേക്ക് പോയി മറിഞ്ഞിരിക്കാം, എന്നുകരുതി നിരാശനായി ഞാൻ വീട്ടിലേക്ക് നടന്നു.
ദിവസങ്ങൾ കടന്നു പോയി. എന്നും ആരുടെയെങ്കിലും കൂടെ ആയിരിക്കും പോകുന്നതും വരുന്നതും. ആ സ്ഥലമെത്തുമ്പോൾ അവിടെയെല്ലാം ഞാൻ നോക്കുമായിരുന്നു, ആ പട്ടി ഉണ്ടോയെന്ന്.
അങ്ങിനെ വീണ്ടുമൊരു വെള്ളിയാഴ്ചയെത്തി…ഉച്ചയ്ക്ക് ഞാൻ ഒറ്റയ്ക്ക് വരേണ്ടിയും വന്നു…അകലെ നിന്ന് തന്നെ ഞാൻ നോക്കിയിരുന്നു ,അത് അവിടെയെങ്ങാൻ ഉണ്ടോയെന്ന്…
ഗേറ്റിനടുത്ത് എത്തിയപ്പോൾ, അത്ഭുതപ്പെടുത്തികൊണ്ട് മതിൽക്കെട്ടിനുള്ളിലായി എന്നെ തന്നെ നോക്കി നിൽക്കുന്നു… എന്തെന്നില്ലാത്ത സന്തോഷം… മുമ്പില്ലാത്തവിധം എന്തോ ഒരു പ്രത്യേകത, വല്ലാത്ത ഒരു ആവേശം…അത് പതുക്കെ ഉള്ളിലേക്ക് നടക്കാൻ തുടങ്ങി… ഞാൻ അതിൻറെ പുറകെയും… എനിക്ക് വളരെയധികം പേടിയുള്ള സ്ഥലം ആയിരുന്നെങ്കിലും ഞാൻ അതിനെ അനുഗമിച്ചു … ഇടതൂർന്നു നിൽക്കുന്ന കുറ്റിച്ചെടികൾ, കാട്ടുചേമ്പ്, തൊട്ടാവാടിയുമെല്ലാം വകഞ്ഞുമാറ്റിയാണ് നടക്കുന്നത്…എങ്കിലും എനിക്കു മുന്നേ പോകുന്നു ആ പട്ടി ഒരു മായാജാലകാരനെ പോലെ ചെടികളിലൊന്നും അനക്കമില്ലാതെയാണ് പോകുന്നത്…കുറെ നടന്നപ്പോൾ ഒരു കിണർ പ്രത്യക്ഷപ്പെട്ടു … കിണറിനോട് ചേർന്ന് ഭീമാകാരനായ ഒരു ആഞിൽ മരം നിൽക്കുന്ന കാണാം…
കിണറിനടുത്ത് എത്തിയപ്പോൾ എൻറെ മുന്നിൽ ഉണ്ടായിരുന്ന ആ പട്ടിയെ കാണുന്നില്ല!!! എനിക്ക് അത്ഭുതവും, ആകാംക്ഷയും,പേടിയുമായി.
പെട്ടെന്നാണ് “എന്നെ ഒന്ന് സഹായിക്കാമോ” എന്നുള്ള ചോദ്യം കേൾക്കുന്നത് …നല്ല പ്രായമുള്ള ഒരു വല്യമ്മ. കണ്ടു പരിചയമില്ല…വെററില മുറുക്കിയ കാരണമായിരിക്കാം വായും,പല്ലും,ചുണ്ടുമെല്ലാം ചുവന്നിരിക്കുന്നു…അവർ ചിരിച്ചപ്പോൾ എനിക്ക് പേടി തോന്നി…ഞാൻ ധൈര്യപ്പെട്ട് അവരോട് “വല്യമ്മേ ഒരു കറുത്ത പട്ടിയെ ഇവിടെ എങ്ങാനും
കണ്ടോ” എന്ന് ചോദിച്ചു… കണ്ടില്ലല്ലോ മോനേ,എന്ന് പറഞ്ഞ് എൻറെ അടുത്തേക്ക് വന്നപ്പോഴാണ് അവർക്ക് ഒരു കാലിന് സ്വാധീനക്കുറവുണ്ടെന്നു മനസ്സിലായത്. എനിക്കെന്തോ ഒരു പന്തികേട് തോന്നി…തിരിച്ചോടാമെന്നു കരുതിയപ്പോഴേക്കും അവരെന്റെ അടുത്തെത്തിയിരുന്നു …ആ നോട്ടത്തിൽ ഞാനാകെ പകച്ചുപോയി…കുറച്ചുമുമ്പ് ആ പട്ടിയെന്നെ എങ്ങനെയാണോ നോക്കിയത്,അതുപോലെ തന്നെ…ഒരേ നോട്ടം…എന്റെ കാലുകൾ തളർന്ന പോലെ,ചലിക്കാനാകുന്നില്ല… നാവ് ഇറങ്ങി,വായിലെ വെള്ളമെല്ലാം വറ്റിയിരിക്കുന്നു.
കിണറിനുള്ളിലേക്ക് ചൂണ്ടി കാണിച്ചിട്ട് അവർ പറഞ്ഞു, വെള്ളം കോരുന്ന എന്റെ തൊട്ടി വീണു പോയി…എടുക്കാൻ സഹായിക്കണം…ഞാൻ കൈ പിടിക്കാം നീ വരമ്പിൽ കൂടെയിറങ്ങി അത് എടുത്താൽ മതി. അപ്പോഴാണ് ഞാൻ കിണറിനുള്ളിലേക്ക് നോക്കിയത്… ഞെട്ടിപ്പോയി, പായൽ പിടിച്ച് കിടക്കുന്ന ഉൾഭാഗം..ഇതുവരെ കാണാത്ത ലോകം. എങ്കിലും അവരുടെ ആജ്ഞയെ, അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല…തീഷ്ണത നിറഞ്ഞ ആ നോട്ടത്തിൽ,ഞാനവരുടെ ആജ്ഞാനുവർത്തിയായി… എന്തോ ഒരു പ്രേരണയിൽ അളളി പിടിച്ച് ഞാൻ കിണറിന്റെ മതിലിൽ കയറി…ഒരു ഭാവഭേദവും ഇല്ലാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണവർ… പെട്ടെന്നാണ് എവിടെ നിന്നോ ഒരലർച്ച കേട്ടത്!!!
കണ്ണുതുറന്നപ്പോൾ അച്ഛനുമമ്മയും ,വീടിനടുത്തുള്ള ചില ചേട്ടൻമാരും ചുറ്റിലും നിൽക്കുന്നു…എൻറെ വീടിൻറെ അരമതിലിൽ കിടക്കുകയാണ് ഞാൻ…അച്ഛൻറെ മുഖത്ത് ദേഷ്യവും അമ്മയുടെ മുഖത്ത് സങ്കടവും കാണാം… എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഞാനാ പുരയിടത്തിനകത്ത് എങ്ങനെ എത്തിയെന്നതാണ് … അതിനടുത്തുള്ള പറമ്പിൽ തെങ്ങു ചെത്താൻ വന്ന ചേട്ടൻ മാരാണ്, ഞാൻ തനിയെ കിണറിനടുത്തേക്ക് നടന്നു വരുന്നത് കണ്ടത് … പൊട്ടിപ്പൊളിഞ്ഞ കിണറിന്റെ മതിലിൽ ഞാൻ കയറിയപ്പോഴേക്കും അവരവിടെ ഓടിയെത്തി …
പേടി കൊണ്ടും അവരുടെ അലർച്ച കൊണ്ടുമാകാം ഞാൻ ബോധരഹിതനായി…എന്നാൽ കറുത്ത പട്ടിയുടെയും വല്യമ്മയുടേയും കാര്യം ആരും വിശ്വസിച്ചില്ല …
കുറേ വർഷങ്ങൾക്കു ശേഷം ഞാനാവഴി പോകാനിടയായി. ആ പുരയിടം മുഴുവൻ ചെറിയ ഭാഗങ്ങളാക്കി തിരിച്ച് നിറയെ വീടുകളാണ്…എന്നാൽ എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയ ഒരു കാര്യവും അറിയാൻ കഴിഞ്ഞു… വീടു പണിയുടെ ഭാഗമായി അന്നത്തെ ആ കിണറു വൃത്തിയാക്കിയപ്പോൾ, അതിൽനിന്നും തലയോട്ടികളും അസ്ഥികളും കിട്ടിയത്രെ… കാലപ്പഴക്കത്താൽ ആരുടേതെന്ന് ഒരു തുമ്പും ഉണ്ടായില്ലന്നു മാത്രം!!!
Story highlight- Producer Venu Kunnappilly shares a rare experience