lakshya

പ്രണയ സാഫല്യത്തിന്റെ 25 വർഷങ്ങൾ; സിൽവർ ജൂബിലി നിറവിൽ സച്ചിനും അഞ്ജലിയും

May 24, 2020

കളിക്കളത്തിലെ മിന്നും താരമായിരുന്ന സച്ചിൻ ടെണ്ടുൽക്കറിന് പിന്നാലെ ആരാധികമാരുടെ ഒരു വലിയ സംഘം തന്നെയുണ്ടായിരുന്നു. സച്ചിനെ പ്രണയിക്കാനും വിവാഹം കഴിക്കുവാനും സ്വപ്നം കണ്ട പെൺകുട്ടികളുടെ മനസ് തകർത്ത് അഞ്ജലി ആ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. അഞ്ചുവർഷത്തെ പ്രണയത്തിനും 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുമിടയിൽ സച്ചിന്റെ താങ്ങും തണലുമായി മാറി അഞ്ജലി. കളിക്കളത്തിലും ജീവിതത്തിലും തന്റെ ഏറ്റവും മികച്ച പങ്കാളി അഞ്ജലി തന്നെയാണെന്ന് സച്ചിൻ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 1995 മെയ് 24ന് തന്നേക്കാൾ അഞ്ചു വയസ് മുതിർന്ന അഞ്ജലിയെ സച്ചിൻ ജീവിതത്തിലേക്ക് ചേർക്കുമ്പോൾ അതിനു പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ഒരു പ്രണയമുണ്ട്.

90 കളുടെ തുടക്കത്തിൽ ക്രിക്കറ്റ് ലോകത്ത് വേഗതകൊണ്ട് ശ്രദ്ധിക്കപ്പെടുകയും, ടീം ഇന്ത്യയുടെ ‘റൺ മെഷീൻ’ ആയി മാറുകയും ചെയ്ത ചുരുളൻ മുടിക്കാരനെ പ്രണയിച്ചവർ ഒരുപാടാണ്. എന്നാൽ സച്ചിൻ തിരിച്ചറിഞ്ഞതും സ്വന്തമാക്കിയതും ശിശുരോഗ വിദഗ്ദയായ അഞ്ജലിയുടെ പ്രണയമാണ്. 1990ൽ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇംഗ്ലണ്ട് സന്ദർശനത്തിന് ശേഷം സച്ചിൻ എത്തിയപ്പോൾ അഞ്ജലിയും അവിടെയുണ്ടായിരുന്നു.

അന്ന് പരസ്പരം ശ്രദ്ധിച്ചെങ്കിലും ഒരു താരമെന്ന നിലയിൽ സച്ചിന് പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ അഞ്ജലിക്ക് ആ പ്രതിസന്ധിയുണ്ടായിരുന്നില്ല. സച്ചിനിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയ അഞ്ജലി പിന്നീട് അദ്ദേഹത്തെ കാണാൻ നിരന്തരം ശ്രമങ്ങൾ നടത്തി.

ഒരിക്കൽ സുഹൃത്തായ മാധ്യമ പ്രവർത്തകന്റെ പ്രസ്സ് കാർഡുമായി അഭിമുഖത്തിനെന്ന വ്യാജേന അഞ്ജലി സച്ചിന്റെ വീട്ടിലെത്തി. അത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായ കൂടികാഴ്ചയായിരുന്നു. ഇതിന് ശേഷം, ഇരുവരും ഏകദേശം അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്നു, എന്നാൽ ആർക്കും, മാധ്യമങ്ങൾക്ക് പോലും ഒരു സൂചനയും ഇവർ നൽകിയില്ല എന്നതാണ് ശ്രദ്ധേയം.

Read More:പിറന്നാൾ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ: ജനനേതാവിന് ആശംസാ പ്രവാഹം

1994ൽ ന്യൂസിലാന്റിൽ വെച്ച് വിവാഹനിശ്ചയം നടത്തിയപ്പോഴാണ് ഇവർ തമ്മിലുള്ള ബന്ധം ലോകം അറിയുന്നത്. ഗുജറാത്ത് വ്യവസായിയായ ആനന്ദ് മേത്തയുടെയും അന്ന ബെന്നിന്റെയും മകളായ അഞ്ജലി വിവാഹത്തോടെ തന്റെ ജോലി ഉപേക്ഷിച്ചു. പിന്നീട് സച്ചിൻ ക്രിക്കറ്റ് കരിയറിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അഞ്ജലി അത് ഭംഗിയായി നിർവഹിച്ചു. 1997ലാണ് സച്ചിനും അഞ്ജലിക്കും മകൾ സാറ പിറക്കുന്നത്. 1999ൽ അർജുനും ജനിച്ചു.

കൊറോണ വൈറസിനോടനുബന്ധിച്ചുള്ള ലോക്ക്ഡൗൺ, സച്ചിന്റെയും അഞ്ജലിയുടെയും സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വെല്ലുവിളിയായെങ്കിലും ലോകമെമ്പാടുമുള്ള ആരാധകർ ഇവർക്കായി ആശംസകൾ അറിയിക്കുകയാണ്.

Story highlights-sachin tendulkar and anjali’s 25th wedding anniversary