ട്രെയിനില്‍ കേരളത്തിലേയ്ക്ക് എത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം; 14 ദിവസം ഹോം ക്വാറന്‍റീനും

May 12, 2020
first train to kerala starts from Delhi on May 13

ഇന്നു മുതല്‍ രാജ്യത്ത് ഭാഗാകമായി ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചിരിക്കുകയാണ്. ബുധനാഴ്ചയാണ് കേരളത്തിലേയ്ക്കുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിയ്ക്കുക. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിങ്. അതേസമയം ട്രെയിനില്‍ കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ ‘കൊവിഡ് 19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മറ്റ് മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചവരാണെങ്കിലും അത് റദ്ദാക്കി ട്രെയിന്‍ മാര്‍ഗം വരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് അപേക്ഷ സമര്‍പ്പിക്കണം. ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്കും പുതുതായി അപേക്ഷിക്കാന്‍ സൗകര്യമുണ്ടാകും.

Read more: പക്ഷിക്കൂട്ടങ്ങള്‍ക്കൊപ്പം കളിച്ച് രസിച്ച് കുട്ടിയാന: വൈറല്‍ വീഡിയോ

ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുന്ന എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ രേഖപ്പെടുത്തണം. കൂടാതെ പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവയും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം.

ട്രെയിനില്‍ കേരളത്തിലെത്തുന്നവരുടെ വിശദാംശങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധിക്കും. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റീന്‍ പാലിച്ചിരിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോകാന്‍ വരുന്ന വാഹനത്തില്‍ ഡ്രൈവര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. ഡ്രൈവറും ഹോം ക്വാറന്റീന്‍ സീകരിക്കേണ്ടതാണ്. അതേസമയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തും.

Story Highlights: Train passengers should register in Covid 19 Jagratha Portal for pass