‘കരുത്താണ് ഇവർ’; ഭൂമിയിലെ മാലാഖമാർക്ക് ആദരമർപ്പിച്ച് ഒരു സംഗീത ആൽബം

May 11, 2020
album

വാക്കുകളിൽ പറഞ്ഞറിയിക്കാൻ ആവില്ല.. അത്രയ്ക്ക് മഹനീയമാണ് സ്വന്തം ജീവന് പോലും ഭീഷണി നേരിടുന്ന ഈ കൊറോണക്കാലത്ത് സേവനമനുഷ്‌ഠിക്കുന്ന ആതുരസേവകരോടുള്ള നന്ദിയും കടപ്പാടും. ലോകം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ലോകത്തിന്റ എല്ലാ ഭാഗങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചുകഴിഞ്ഞു. ഇതിനിടയിൽ ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ കഷ്‌ടപ്പെടുകയാണ് നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും. ഇപ്പോഴിതാ ഭൂമിയിലെ മാലാഖമാർക്ക് ആദരമർപ്പിക്കുകയാണ് എരുമേലി ഹെവൻലി വോയ്സ്.

മനോഹരമായ സംഗീതത്തിലൂടെയാണ് ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചിരിക്കുന്നത്. ‘ഭൂമിയിലെ മാലാഖമാർ’ എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ഫാദർ സ്റ്റീഫൻ ഓണിശ്ശേരിയാണ്. ബിബിൻ എരുമേലി സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ പശ്ചാത്തല സംഗീതം അനീഷ് മണ്ണാപറമ്പിലാണ്. ജോർജി തോമസ് ജിയോ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

Read also: ലോക്ക് ഡൗണിൽ കൃഷിപ്പണിയുമായി ഇരട്ടക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ

സാമൂഹിക അകലം പാലിച്ചുകൊണ്ട് വൈദികരും കന്യാസ്ത്രീകളും ഗായകരും അവരുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 53 ഗായകർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം കൊറോണക്കാലത്ത് വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും അധികൃതരെയും അഭിനന്ദിച്ചുകൊണ്ടുള്ള സംഗീത വീഡിയോയ്ക്ക് പിന്തുണയുമായി സഭയിലെ വൈദികരും, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ജനപ്രതിനിധികളും എത്തുന്നുണ്ട്.

Story Highlights: music album tribute to healthcare workers