അതിജീവനത്തിന്റെ വെളിച്ചം പകര്‍ന്ന് ദേശീയ ഗാനത്തിന് ഒരു പുത്തന്‍ സംഗീതാവിഷ്കാരം: ഇത് കൊവിഡ് പോരാളികള്‍ക്കുള്ള സ്നേഹാദരം
വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് കൊവിഡ് പോരാളികളുടെ പ്രവര്‍ത്തനങ്ങള്‍. മാസങ്ങളേറെയായി സ്വന്തം ജീവന് പോലും മറന്ന് കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാരുമെല്ലാം ചേര്‍ന്ന്. നാം അവരെ കൊവിഡ് പോരാളികള്‍ എന്നു വിളിയ്ക്കുമ്പോള്‍ ഓര്‍മിക്കേണ്ടതായ ഒന്നുണ്ട്; പേരാട്ട വീഥിയില്‍ തളരാതെ അവരെ നയിക്കുന്ന അവര്‍ക്കുള്ളിലെ പകരം വയ്ക്കാനില്ലാത്ത നന്മ. ഓരോ നിമിഷവും നമ്മെ കാക്കുന്നവരെ ചേര്‍ത്തുപിടിച്ചുകൊണ്ട് അഭിമാനപൂര്‍വ്വം ഒരു ദേശീയ സംഗീതാര്‍ച്ചന സമര്‍പ്പിക്കുകയാണ് രാഷ്ട്രത്തിന്.
മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ വിശ്വപ്രസിദ്ധമായ ഗാനം പുതിയ സംഗീതാവിഷ്കാരത്തോടെ അവതരിപ്പിക്കുകയാണ് ഈ ഗാനാര്‍ച്ചനയിലൂടെ. പത്ത് പ്രശസ്തര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനാര്ച്ചനയുടെ ആമുഖ വിവരണം രഞ്ജിത്, രഞ്ജി പണിക്കര്‍ എന്നിവര്‍ മലയാളം ഇംഗ്ലീഷ് ഭാഷകളിലും ഡോക്ടര്‍ സുരേന്ദ്രന് ഹിന്ദിയിലും തയാറാക്കിയിരിയ്ക്കുന്നു. സുരേഷ് ഗോപിയാണ് ആമുഖ വിവരണത്തിന് ശബ്ദം നല്കി അവതരിപ്പിക്കുന്നത്.
പ്രശസ്ത ഗായകരായ പണ്ഡിറ്റ് രമേശ് നാരായണന്, മധു ബാലകൃഷ്ണന്, ഉഷാ ഉതുപ്പ്, സുനില്‍കുമാര്‍, അനുരാധാ ശ്രീറാം, മധുശ്രീ നാരായണ്‍, ഗായത്രി അശോകന്, രഞ്ജിനി ജോസ് എന്നിവര്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളായ മനോജ് കെ ജയന്, ശരത്കുമാര് എന്നിവരും ചേര്‍ന്നാണ് ഗാനം ആലപിച്ചരിക്കുന്നത്. വോയ്സ് ഓഫ് കാലിക്കറ്റിന്റെ അമരക്കാരനും പ്രശസ്ത പിന്നണി ഗായകനുമായ സുനില്‍കുമാര്‍ പികെയാണ് ആശയവും നിര്‍വഹണവും.
മാക്ട(മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്)ന്റെ സഹകരണത്തോടെയാണ് വോയിസ് ഓഫ് കാലിക്കറ്റ് ഈ സംഗീതാര്‍ച്ചന നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണല്‍, റോട്ടറി ഇന്റര്‍നാഷ്ണല്‍ എന്നീ പ്രസ്ഥാനങ്ങളുടെ മികച്ച പിന്തുണയുമുണ്ട്. ചലച്ചിത്ര സംവിധായകനും മാക്ട ജോയിന്റെ സെക്രട്ടറിയുമായ പി കെ ബാബുരാജ് ആണ് അസോസിയേറ്റ് നിര്‍വഹണം. അഖില്‍ തണ്ടാശ്ശേരി (എഡിറ്റിങ്), ജിതിന് കെ റോഷന് (സംഗീതം), വിനീത് പി കെ (സൗണ്ട് എഡിറ്റിങ്), അബിന്‍ പോള്‍ (മിക്സിങ് ആന്‍ഡ് മാസ്റ്ററിങ്) എന്നിവരാണ് ഗാനാര്ച്ചനയിലം മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍.
Story highlights: A big salute to India music video