നിസാരമല്ല സിനിമയിലെ ഫൈറ്റ്; ‘ഫോറന്‍സിക്’ ചിത്രീകരണ വീഡിയോ പങ്കുവെച്ച് ചലച്ചിത്രതാരം

അതിശയിപ്പിക്കുന്ന ഫൈറ്റ് സീനുകള്‍ പല സിനിമകളിലേയും പ്രധാന ആകര്‍ഷണങ്ങളാണ്. സാങ്കേതിക വിദ്യകളുടെ സഹായം പ്രചോദനപ്പെടുത്താറുണ്ടെങ്കിലും ഫൈറ്റ് സീനുകള്‍ അത്ര നിസ്സാരമല്ല. ഇത് വ്യക്തമാക്കുകയാണ് ചലച്ചിത്രതാരം ധനേഷ് ആനന്ദ് പങ്കുവെച്ച വീഡിയോ. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ഫോറന്‍സിക് എന്ന ചിത്രത്തില്‍ ഉബൈദ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ധനേഷ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയത്.
ഫോറന്‍സിക് എന്ന സനിമയിലെ സംഘട്ടന രംഗത്തിന്റെ ചെറിയൊരു ലൊക്കേഷന്‍ വീഡിയോ ആണ് ധനേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ‘സിനിമയില്‍ താരങ്ങള്‍ ഫൈറ്റ് ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ ആലോചിക്കുമായിരുന്നു ‘കൊള്ളാലോ നല്ല രസമുള്ള പരിപാടി ആണല്ലോ എന്ന്’.. നമ്മള് ചെയ്തു നോക്കിയപ്പോഴാ അതിന്റെ അവസ്ഥ മനസിലായത്. ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്ന മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ സമ്മതിക്കണം.’ എന്നു കുറിച്ചുകൊണ്ടാണ് താരത്തിന്റേ ഫേസ്ബുക്ക് പോസ്റ്റ്.
Read more: സ്വതന്ത്രമായി കടലിലേക്ക് അയച്ചു; മനസ്സ് നിറഞ്ഞ് നന്ദി പ്രകടിപ്പിച്ച് പെന്ഗ്വിന്
അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ്’ഫോറന്‍സിക്’. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആണ് ഈ കഥാപാത്രം. മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തിയത്. കുറ്റാന്വേഷണ സിനിമയായ ഫോറന്‍സിക് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടി.
Story highlights: Actor Dhanesh Anand shares Forensic making video