24 മണിക്കൂറിനിടെ രാജ്യത്ത് 10000-ല്‍ അധികം കൊവിഡ് രോഗികള്‍; 396 മരണവും
രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 10000-ല്‍ അധികം കൊവിഡ് പോസിറ്റീവ് കേസുകളാണ്. ദിവസേന വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നു.
ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം പതിനായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,956 പേര്‍ക്ക് രാജ്യത്ത് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 396 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 8498 പേര് മരണപ്പെടുകയും ചെയ്തു. 1,41,842 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,47,195 പേര് രോഗമുക്തരാകുകയും ചെയ്തു.
രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാമത്. 20.7 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 7.75 ലക്ഷം പേര്‍ക്കും റഷ്യയില്‍ 5.02 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
മെയ് 24 ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ 18 ദിവസംകൊണ്ടാണ് രോഗികളുടെ എണ്ണത്തില്‍ രാജ്യം നാലാമതെത്തിയത്.
Story highlights: Covid 19 Corona Virus cases in India latest updates