24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 11,458 പേര്‍ക്ക്; 386 മരണവും
രാജ്യത്ത് കൊവിഡ് കൂടുതല്‍ രൂക്ഷമാകുന്നു. മാസങ്ങളായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമായിട്ടില്ല ഇതുവരേയും കൊറേണ വൈറസ്. ദിവസേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11000-ല്‍ അധികം ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
11,458 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഇത്രയധികം ആളുകള്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നതും. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 308993 ആയി ഉയര്‍ന്നു.
വെള്ളിയാഴ്ച രാവിലെ വരെ പതിനായിരത്തിന് മുകളിലായിരുന്നു രാജ്യത്ത് റിപ്പൊര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍. തൊട്ടടുത്ത ദിവസം രാവിലെ വരെ റിപ്പോര്‍ട്ട് ചെയ്തതാകട്ടെ പതിനൊന്നായിരത്തിലും അധികം പോസിറ്റീവ് കേസുകള്‍. കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നതാണ് നിലവില്‍ പുറത്തുവരുന്ന കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എഴുപതിനായിരത്തില്‍ അധികം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 386 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 8884 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. 145779 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 154329 പേര് രോഗത്തില്‍ നിന്നും മുക്തരായി.
Story highlights: Covid 19 corona virus in India today updates