24 മണിക്കൂറിനിടെ രാജ്യത്ത് 14516 കൊവിഡ് കേസുകള്‍; ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം
രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14516 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. ഇതോടെ രാജ്യത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 395048 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 375 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഇതുവരെ 12948 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. അതേസമയം രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലാകുന്നത് നേരിയ തോതില്‍ ആശ്വാസം പകരുന്നുണ്ട്. ഇതുവരെ 213830 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. 168269 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്രയിലാണ് കൊവിഡ് അതിരൂക്ഷം. ഒന്നേകാല്‍ ലക്ഷത്തിന് അടുത്തെത്തി മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം. ഇതുവരെ 5893 പേരാണ് മരണപ്പെട്ടത്. തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 3137 പോസിറ്റീവ് കേസുകളും 66 മരണവും റിപ്പോര്‍ട്ട് ചെയ്തു. 53116 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2035 ആണ് ഇതുവരെയുള്ള കൊവിഡ് മരണനിരക്ക്. അതേസമയം ഡല്‍ഹിയില്‍ റാപിഡ് ആന്റിജന്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കി.
തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 54,000 പിന്നിട്ടു. 54,449 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 666 മരണങ്ങളും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ രോഗബാധിതരില്‍ 38,327 പേരും ചെന്നൈയിലുള്ളവരാണ്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 540 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 26,198 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1619 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Story highlights: Covid 19 Corona Virus India Latest Updates