രണ്ടര ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകള്‍
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മാസങ്ങളായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. ദിവസേന വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,56,611 ആയി ഉയര്‍ന്നു. അതേസമയം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് 9000-ല്‍ അധികം പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിയ്ക്കുന്നത്. 206 മരണങ്ങളും കഴിഞ്ഞ ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 7135 പേരാണ് കൊവിഡ് രോഗം മൂലം മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കൊണ്ട് ആയിരത്തോളം കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ദിവസംകൊണ്ട് അമ്പതിനായിരത്തോളം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധ വളരെ വേഗത്തിലാണ് വ്യാപിയ്ക്കുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഇതുവരെ 85,975 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരിയ്ക്കുകയാണ് മഹാരാഷ്ട്ര. 3060 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്.
Story highlights: Covid 19 corona virus latest updates in India