24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 300-ല്‍ അധികം കൊവിഡ് മരണങ്ങള്‍

June 16, 2020
Covid 19 death toll crossed 9000 India

രാജ്യത്തെ വിട്ടൊഴിയാതെ കൊവിഡ് ഭീതി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 300-ല്‍ അധികം കൊവിഡ് മരണങ്ങളാണ്. തുടര്‍ച്ചയായി ആറാം ദിവസമാണ് രാജ്യത്ത് 300-ല്‍ അധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും. 380 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 9900 ആയി ഉയര്‍ന്നു.

10667 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 343091 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്. 153178 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം തുടര്‍ച്ചയായ ഏഴാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലാണ്. അല്‍പം ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. നിലവില്‍ 180012 പേര്‍ രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ 2786 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1843 പേര്‍ക്കും ഡല്‍ഹിയില്‍ 1647 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെയുള്ളതില്‍ അറുപത് ശതമാനം കൊവിഡ് കേസുകളും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Story highlights: Covid 19 death toll crossed 9000 India