രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 16,922 പോസിറ്റീവ് കേസുകൾ, 418 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,73,105 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്തത് 418 മരണമാണ്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 14,894 ആയി. ഇതുവരെ രോഗമുക്തരായവർ 2,71,697 പേരാണ്.
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അതേസമയം പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഡൽഹി മുംബൈയെ മറികടന്നു. ഡൽഹിയിൽ ആകെ കൊവിഡ് ബാധിതർ 70,390 ആണ്. മുംബൈയിൽ 69,625 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
Read also: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ശീലമാക്കാം ഈ ഏഴ് കാര്യങ്ങൾ
തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് പിന്നാലെ മധുരയിലും രോഗികളുടെ എണ്ണം വർധിച്ചതോടെ ഇന്നുമുതൽ അടുത്ത ഏഴ് ദിവസത്തേക്ക് മധുരയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ്, രണ്ട് സംസ്ഥാനങ്ങളിലും ആകെ രോഗികളുടെ എണ്ണം 10,000 കടന്നു.
കേരളത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്നലെയാണ്. ഇന്നലെ മാത്രം 152 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ ഇതുവരെ 22 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം രാജ്യത്ത് ബുധനാഴ്ചവരെ 75,60,782 സാമ്പിളുകളാണ് പരിശോധിച്ചത്.
Story Highlights: covid latest updates India