അന്തരിച്ച നടൻ ചിരഞ്ജീവി സാർജയുടെ ശബ്ദമാകാൻ സഹോദരൻ ധ്രുവ്
അപ്രതീക്ഷിതമായാണ് കന്നഡ നടൻ ചിരഞ്ജീവി സാർജ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ ഏഴിനാണ് ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ ചിരഞ്ജീവി സാർജ മരണമടഞ്ഞത്. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’.
ഇപ്പോൾ ‘രാജാ മാർത്താണ്ഡ’യ്ക്കായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സാർജയുടെ സഹോദരനും നടനുമായ ധ്രുവ് സാർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ് സാർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു. പഴയ കന്നഡ ശൈലിയിൽ ദൈർഘ്യമേറിയ ഒട്ടേറെ ഡയലോഗുകൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ചിരഞ്ജീവി അഭിനയിച്ച ‘രണ’ എന്ന ചിത്രം പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ‘ക്ഷത്രിയ’, ‘ഏപ്രിൽ’ എന്നിവയുടെ ചിത്രീകരണം പാതിവഴിയിലാണ് അവസാനിച്ചത്. വരും ദിവസങ്ങളിൽ ഈ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനവുമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Story highlights-Dhruv sarja to dub for his brother chiranjeevi sarja