ഫേസ് മാസ്ക് ധരിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ആരോഗ്യവകുപ്പ്

June 3, 2020
mask

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. ആരോഗ്യപ്രവർത്തകരും അധികൃതരുമെല്ലാം കൊവിഡ്-19 നെതിരെ ശക്തമായി പോരാടുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടുകൂടി ധാരാളം ആളുകൾ നിത്യവൃത്തിക്കായി പലവിധ പ്രവൃത്തികളില്‍ വ്യാപൃതരായിത്തുടങ്ങിയതോടെ രോഗവ്യാപന സാധ്യതയും കൂടിക്കൊണ്ടിരിക്കുന്നു.

ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങള്‍ /രാജ്യങ്ങളില്‍ നിന്നും ധാരാളം പ്രവാസികള്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഫാക്റ്ററികളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെടേണ്ടിവരുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഇതും രോഗ സാധ്യതതയും സമൂഹ വ്യാപന സാധ്യതയും വർധിപ്പിക്കുന്നു.

കൊവിഡ് പ്രതിരോധത്തിലെ വെല്ലുവിളികൾ വർധിച്ചെങ്കിലും ലോക്ക്ഡൗൺ സ്ഥായിയായ ഒരു പ്രതിരോധ മാര്‍ഗമായി നമുക്ക് സ്വീകരിക്കാൻ സാധിക്കില്ല. അത്തരമൊരു പശ്ചാത്തലത്തിൽ, കൊവിഡ് നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കി അതിന് അനുസൃതമായി രീതിയിൽ എങ്ങനെ സുരക്ഷിതമായി ജീവിക്കാം എന്നത് വളരെ പ്രസക്തമാണ്‌.

Read also: മഴക്കാലത്ത് കരുതിയിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

ഇതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് മാസ്ക് ധരിക്കുക എന്നത്. അതേസമയം മാസ്കുകൾ ധരിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും ഇപ്പോഴും നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. മാസ്കുകൾ എപ്പോൾ, എവിടെ, എങ്ങനെ എന്നുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയാണ് കേരള ആരോഗ്യവകുപ്പ്.

 മാസ്ക് അല്ലെങ്കില്‍ മുഖാവരണം എപ്പോള്‍ ? എവിടെ ? എങ്ങനെ?

ഫെയ്‌സ് മാസ്ക് ധരിക്കുന്നത് 3 രീതിയില്‍ നമ്മെ സഹായിക്കുന്നു.

  • രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ, അന്തരീക്ഷത്തിലേക്ക് രോഗാണുക്കൾ പടരുന്നത് തടയാന്‍ മാസ്ക് ധരിക്കുകയാണെങ്കിൽ സാധിക്കുന്നു. 
  • മാസ്ക് ധരിക്കുന്നയാൾ സ്വന്തം വായിലും മൂക്കിലും തൊടുന്നതും തടയാന്‍ സാധിക്കുന്നു 
  • ഒരു മാസ്ക് കൊണ്ട് മുഖം മറക്കുന്നത് അതു ധരിക്കുന്നവരെ സംരക്ഷിക്കുന്നതിനെക്കാളും മറ്റുള്ളവരെ രോഗബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു.

  • നിങ്ങൾ വീടിനു പുറത്തിറങ്ങുന്ന സാഹചര്യങ്ങളിലെല്ലാം നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. വീടുകളില്‍ മാസ്ക് ധരിക്കേണ്ടതില്ല. 
  • എന്നാല്‍ പനി, ചുമ, തൊണ്ട വേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വീടുകളില്‍ മാസ്ക് ധരിക്കുന്നത് നല്ലതാണ്.
  • മാസ്ക് ധരിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകുക, അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
  • മുഖത്ത് മാസ്ക് സുഗമമായി ധരിച്ച ശേഷം മുഖത്തിന്‍റെ വശങ്ങളിലൂടെ പുറകിലേക്ക് വലിച്ചു കെട്ടുക.
  • ധരിച്ചു കഴിഞ്ഞ മാസ്ക് മൂക്കും വായയും മൂടുന്ന വിധത്തിലായിരിക്കണം.
  • മാസ്കിന്‍റെ പുറം ഭാഗം ഒരിക്കലും  തൊടരുത്.
  • മാസ്ക് നീക്കം ചെയ്യുമ്പോഴും  പുറം ഭാഗം തൊടരുത്. ചരടുകളില്‍ പിടിച്ച് മാസ്ക് നീക്കംചെയ്യുക.  മാസ്ക് നീക്കം ചെയ്യുമ്പോൾ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. മാസ്ക് കഴുകുന്നതിനായി ഊരി മാറ്റിയ ഉടനെ തന്നെ സിപ് ലോക്ക് കവര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുക. ഒരിക്കലും മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കാന്‍ പാടില്ല.

  • തുണികൊണ്ടുള്ള മലിനമായ മാസ്കുകള്‍ ലഭ്യമായ സോപ്പ് അല്ലെങ്കിൽ ഡിറ്റര്‍ജന്‍റ് ഉപയോഗിച്ച് കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാവുന്നതാണ്.
  • മാസ്കുകള്‍ പരസ്പരം പങ്കിടാന്‍ പാടുള്ളതല്ല
  • മലിനമാകുന്നില്ലെങ്കില്‍ 6 മണിക്കൂര്‍വരെ മാസ്കുകള്‍ ഉപയോഗിക്കാവുന്നതാണ്
  • മാസ്കുകള്‍ ഒരു കാരണവശാലും വലിച്ചെറിയരുത്. ഉപയോഗശേഷം മാസ്കുകള്‍ അണുനശീകരണം വരുത്തിയ ശേഷം ഈ പ്രത്യേക സാഹചര്യത്തില്‍ കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യുക.

കൊവിഡ് വ്യാപനം തടയുന്നതിന് നമ്മളെല്ലാരും ഒറ്റക്കെട്ടായി വൈറസിനെ പ്രതിരോധിക്കേണ്ടതുണ്ട്. നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ രോഗവ്യാപന സാധ്യത കുറക്കുന്ന വലിയ കാര്യങ്ങളായി മാറാം. കൊവിഡ് ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കി അവ പ്രതിരോധിക്കുന്നതിനായി ഒരു പുതിയ ആരോഗ്യ ശീലങ്ങളിലധിഷ്ടിതമായ ജീവിത ശൈലിയിലേക്ക് സ്വയം പരിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണ്.   

Story Highlights: face mask Kerala Health department