കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പകരക്കാരന്, പന്തു മിനുക്കാന്‍ തുപ്പല് ഉപയോഗിച്ചാല്‍ പിഴ: ക്രിക്കറ്റിലെ പുതിയ പരിഷ്കാരങ്ങള്‍ അംഗീകരിച്ച് ഐസിസി
കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലും ചില പുതിയ പരിഷ്കാരങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് ഐസിസി. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് പാനല്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്കാണ് ഐസിസിയുടെ അംഗീകാരം. അടുത്ത ഒരു വര്ഷത്തേക്കായിരിയ്ക്കും ഈ പരിഷ്കാരങ്ങള്‍.
ക്രിക്കറ്റ് കളിയ്ക്കിടെ സാധാരണയായി കണ്ടുവരാറുള്ള ശീലമാണ് പന്തിന് മിനുക്കം കൂട്ടാന്‍ തുപ്പല് പുരട്ടുന്നത്. എന്നാല്‍ പുതിയ പരിഷ്കാരം അനുസരിച്ച് ഈ രീതി പ്രോത്സാഹിപ്പിയ്ക്കുന്നില്ല. പന്തില്‍ തുപ്പല് പുരട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പന്ത് വൃത്തിയാക്കിയതിന് ശേഷമേ കളി തുടരാന്‍ അനുവദിക്കുകയുള്ളൂ. രണ്ട് തവണയായിരിയ്ക്കും ഇത്തരത്തില്‍ താക്കീത് നല്‍കുക. ഈ രീതി ആവര്‍ത്തിച്ചാല്‍ എതിര് ടീമിന് അഞ്ച് റണ്‍സ് പെനാലിറ്റി ആയി നല്‍കും.
Read more: തൂവെള്ള നിറം, പീലി വിടര്‍ത്തി നൃത്തം ചെയ്ത് മയില്‍: കൗതുകക്കാഴ്ച
ഇതിന് പുറമെ കൊവിഡ് സബ്സ്റ്റിറ്റിയൂട്ട് എന്ന നിര്‍ദ്ദേശത്തിനും ഐസിസി അംഗീകാരം നല്‍കിയിട്ടുണ്ട്. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാര്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തിന് പകരം മറ്റൊരാളെ കളിയ്ക്കാന്‍ അനുവദിയ്ക്കും എന്നതാണ് ഈ പരിഷ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.
ടെസ്റ്റ് മത്സരങ്ങളില്‍ സാധാരണ നിഷ്പക്ഷ അമ്പയര്‍മാര്‍ വേണമെന്നതാണ് നിയമം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ പല രാജ്യങ്ങിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണത്താല്‍ പ്രാദേശിക അമ്പയര്‍മാരെയും മാച്ച് ഒഫിഷ്യല്‍സിനെയും മത്സരം നിയന്ത്രിയ്ക്കാന്‍ നിയോഗിയ്ക്കാനും ഐസിസി അനുമതി നല്‍കിയിട്ടുണ്ട്.
Story highlights: New cricket guidelines by icc