മരണത്തിന് അപ്പുറം മനുഷ്യ ശരീരത്തിന്റെ വിലയെന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായി മിസ്റ്ററി ത്രില്ലര്‍ ‘അദൃശ്യന്‍’ വരുന്നു

മരണത്തിന് അപ്പുറം മനുഷ്യ ശരീരത്തിന്റെ വില എന്തെന്ന ചോദ്യം പലപ്പോഴായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരമെന്നോണം പുതിയ സിനിമ ഒരുങ്ങുന്നു. ‘അദൃശ്യന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. മനോജ് കെ വര്‍ഗ്ഗീസ് ആണ് ചിത്രത്തിന്റെ സംവിധായകന്. വിഖ്യാത ചിത്രകാരനും ബോളിവുഡ് സംവിധായകനുമായ എം എഫ് ഹുസൈന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനോജ് മലയാളത്തിലൊരുക്കുന്ന ആദ്യ സ്വതന്ത്ര ചിത്രം കൂടിയാണ് ഇത്.
മരണത്തിനപ്പുറം മനുഷ്യ ശരീരത്തിന്റെ വിലയെന്തെന്ന ചോദ്യവും സമൂഹത്തില്‍ നിന്ന് പലപ്പോഴായി അപ്രത്യക്ഷരാകുന്ന വ്യക്തികളും, അവരുടെ അസാന്നിധ്യം ആ വ്യക്തികളുടെ കുടംബങ്ങളിലും ഉറ്റവരിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് ‘അദൃശ്യന്‍’ എന്ന ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. വ്യത്യസ്തമായ ആഖ്യാന- അവതരണ ശൈലിയിലൂടെയായിരിക്കും ചിത്രം ഒരുക്കുക.
ലെസ്ലി ഫിലിംസ് ഓസ്ട്രേലിയയുമായി സഹകരിച്ച് ഗുഡ്ഡെ മൂവീസിന്റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശം ആണ് ചിത്രത്തിന്റെ നിര്‍മാണം. മുഖ്യധാര നടീ നടന്മാര്ക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. സ്പൈഡര്മാന് 2, കരാട്ടെ കിഡ്, ബാഹുബലി, ബാഗി 3 തുടങ്ങി മുന്നൂറിലധികം ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ജസ്റ്റിന് ജോസാണ് അദൃശ്യന്റെ ഡയറക്ടര്‍ ഓഫ് ഓഡിയോഗ്രഫി.
ക്യാമറ രാജീവ് വിജയും എഡിറ്റിങ് അക്ഷയ്കുമാറും നിര്‍വഹിക്കുന്നു. സെജോ ജോണാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ലോക്ക് ഡൗണിന് ശേഷം കേരളത്തിലും തമിഴ്നാട്ടിലും വിദേശത്തുമായിട്ടായിരിക്കും ചിത്രീകരണം.

Story highlights: New malayalam movie Adrushyan