അന്ധത മറന്ന്‌ അകക്കണ്ണിന്റെ വെളിച്ചത്തില്‍ അനന്യ പാടി; ആസ്വാകര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത് ‘വെള്ളം’ സിനിമയിലെ ഗാനം

June 22, 2020
Pulariyil Achante Song Making Video Film Vellam

ചലച്ചിത്ര ആസ്വകരുടെ ഹൃദയങ്ങളിലേയ്ക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങുകയാണ് വെള്ളം എന്ന ചിത്രത്തിലെ പുതിയ ഗാനം. അന്ധത മറന്ന് അകക്കണ്ണിന്റെ വെളിച്ചത്തില്‍ അനന്യ എന്ന കൊച്ചുമിടുക്കി ആലപിച്ചതാണ് ഈ പാട്ട്. മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ പാട്ടുപാടി വൈറലായതാണ് അനന്യ എന്ന കൊച്ചുമിടുക്കി. ക്ലാസ്സ് മുറിയിലെ ബെഞ്ചിലിരുന്ന് പാടുന്ന അനന്യയുടെ വീഡിയോ വൈറലായതിന് പിന്നാലെ മിടുക്കിക്ക് സിനിമയില്‍ അവസരം ലഭിയ്ക്കുകയും ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മശാല അന്ധ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനന്യ. അനന്യയുടെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നവരും നിരവധിയാണ്. നിധിഷ് നടേരിയുടേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വെള്ളം. കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ ജീവിതത്തില്‍ നടന്ന ചില യാഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

മുപ്പതോളം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രമാണ് വെള്ളം. ജയസൂര്യയ്ക്ക് പുറമെ സംയുക്താ മേനോന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, മിഥുന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Pulariyil Achante Song Making Video Film Vellam