കൊറോണ വൈറസ് എന്തുകൊണ്ടാണ് ഇത്ര അപകടകാരി? കാരണം അറിയാം
കൊവിഡ് വ്യാപനം ദിനംപ്രതി ശക്തമായിരിക്കുകയാണ്. വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുവെങ്കിലും പ്രതീക്ഷ പുലർത്താനുള്ള സമയമായിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ രോഗത്തിന്റെ വിവിധ ലക്ഷണങ്ങളും അതിനുപിന്നിലെ കാരണങ്ങളുമെല്ലാം പല പഠനങ്ങളും കണ്ടെത്തുന്നതുകൊണ്ട് വാക്സിൻ പരീക്ഷണത്തെ കൂടുതൽ സഹായിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ എന്തുകൊണ്ടാണ് കൊറോണ വൈറസ് ഇത്രയധികം അപകടകാരി എന്നതിനുള്ള കാരണങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ടെക്സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് സാർസ് കോവ് 2 വൈറസിന്റെ പ്രത്യേകതകൾ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടാണ് കൊറോണ വൈറസ് പ്രവർത്തിക്കുന്നത്. ഏത് തരത്തിലുള്ള രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാലും പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എന്നാൽ ഓരോ ആളുകളിലും ഇത് വ്യത്യസ്തമാണ്. അതുകൊണ്ടാണ് കൊവിഡ് ബാധിച്ചാൽ ലക്ഷണങ്ങൾ അറിയാൻ സാധിക്കാത്തതും ചിലർക്ക് പെട്ടെന്ന് രൂക്ഷമാകുന്നതും. ഇതിൽ അപകടകരമായ കാര്യമെന്തെന്നാൽ, രോഗപ്രതിരോധ സംവിധാനം പ്രതികരിച്ചില്ലെങ്കിൽ ശ്വാസകോശത്തിലേക്ക് രോഗം ബാധിക്കും. അത് ജീവന് അപകടവുമാണ്.
എന്തുകൊണ്ടാണ് കൊവിഡ് ബാധ തിരിച്ചറിയാൻ ചിലരിൽ സാധിക്കാത്തത് എന്നതിനുള്ള ഉത്തരമാണ് ടെക്സാസിലെ ഗവേഷകർ കണ്ടെത്തിയത്. സാർസ് കോവ് 2 വൈറസിന് മറഞ്ഞിരിക്കാൻ കഴിവുണ്ട്. എന്‍എസ്പി 16 എന്ന പ്രത്യേകതരം മാംസ്യം നിര്‍മിക്കുകയും ആര്‍എന്‍എ പരിഷ്കരിക്കുകയും ചെയ്യുന്നു.ഒരു കോശത്തിലെത്തിയാൽ പിന്നെ ആ കോശത്തിലൂടെയാണ് ഇവ വിപുലപ്പെടുന്നത്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും. സ്വന്തം കോശമാണെന്നെ പ്രതിരോധ സംവിധാനം തിരിച്ചറിയൂ. അപ്പോഴേക്കും കോശങ്ങളെ സാർസ് കോവ് 2 നശിപ്പിച്ചിരിക്കും. ഇങ്ങനെ മറഞ്ഞിരിക്കുന്നതുകൊണ്ടാണ് ശരീരം പ്രതികരിക്കാത്തതും അപകടാവസ്ഥയിൽ എത്തുന്നതും. നേച്ചുർ മാഗസിനിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Story highlights-corona virus research