ശുഭവാർത്തയ്ക്കായി കാതോർത്ത് ലോകം; കൊവിഡ് വാക്സിൻ പരീക്ഷണം ഇതുവരെ…
‘കൊവിഡ് വാക്സിൻ’ എന്ന ശുഭവാർത്തയ്ക്കായി ലോകം ഒന്നടങ്കം കാതോർത്തിരിക്കുകയാണ്. ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിലമർന്നിട്ട് മാസങ്ങളായി. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കൊറോണ വൈറസ് വാക്സിൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്, എന്നാൽ ഇതുവരെ വാക്സിൻ കണ്ടെത്താൻ കഴിയാത്തത് വലിയ ആശങ്കകളും ഉയർത്തുന്നുണ്ട്. അതേസമയം ലോകജനതയ്ക്ക് കരുത്ത് പകരുന്ന ‘കൊവിഡ് വാക്സിൻ’ വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.
ഓക്സ്ഫോർഡ് സർവ്വകലാശാല–കൊവിഡ് വാക്സിൻ പരീക്ഷണം ഇതുവരെ
ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നുള്ള കൊറോണ വൈറസ് വാക്സിൻ സംബന്ധിച്ചുള്ള വലിയ പ്രഖ്യാപനം ഇന്ന് നടന്നേക്കാമെന്നാണ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് വാക്സിൻ പോസിറ്റീവ് വാർത്തകൾ ഇന്ന് (വ്യാഴാഴ്ച) പ്രഖ്യാപിക്കുമെന്ന് ഐടിവി പൊളിറ്റിക്കൽ എഡിറ്റർ റോബർട്ട് പെസ്റ്റൺ പറഞ്ഞിരുന്നു. ഓക്സ്ഫോർഡ് വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ, സെപ്റ്റംബർ മാസത്തോടെ തന്നെ ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വലിയ തോതിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.
റഷ്യ-കൊവിഡ് വാക്സിൻ പരീക്ഷണം
റഷ്യ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം സന്നദ്ധപ്രവർത്തകരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കാൻ കഴിഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നുണ്ട്. പാർശ്വഫലങ്ങളോ ആരോഗ്യ പ്രശനങ്ങളോ ഇല്ലാതെതന്നെ 18 പേരിൽ ഈ വാക്സിൻ പ്രയോഗിച്ച് വിജയിച്ചതായും റഷ്യ അവകാശപ്പെടുന്നുണ്ട്.
എന്നാൽ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം രോഗികളിൽ നടത്തുന്ന പരീക്ഷണവും ക്ലിനിക്കൽ പരീക്ഷണവും മാത്രമാണ് ഇതുവരെ ഫലപ്രദമായത്. റഷ്യയിലെ സെഷനോവ് സർവകലാശാലയിലെ ആദ്യഘട്ട പരീക്ഷണം ജൂൺ 18ന് ആരംഭിച്ചതാണ്. ആദ്യം 18 പേരിലും പിന്നീട് 20 പേരിലും കുത്തിവയ്പ്പ് നടത്തിയെങ്കിലും ഫലം അന്തിമമല്ലെന്നാണ് റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
ഇന്ത്യ- കൊവിഡ് വാക്സിൻ പരീക്ഷണം
ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വാക്‌സിന്റെ പ്രതിരോധ ശേഷിയാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്. 0-224 ദിവസം വരെയാണ് രണ്ടാം ഘട്ടത്തിന്റെ കാലപരിധി. കുത്തിവയ്പ്പിലൂടെ തന്നെയാണ് രണ്ടാംഘട്ടത്തിലും കൊവിഡ് വാക്‌സിൻ ശരീരത്തിലേക്ക് കടത്തി വിടുന്നത്. രണ്ടാം ഘട്ട പരീക്ഷണത്തിന് വിധേയരാക്കുന്നത് 12 വയസിന് മുകളിലുള്ള ആളുകളെയാണ്.
ക്ലിനിക്കൽ ട്രയൽ റെജിസ്ട്രി ഇന്ത്യയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഒരു വാക്‌സിന്റെ ക്ലിനിക്കൽ പഠനത്തിനായി രണ്ട് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യത്തേത് ഇൻക്ലൂഷൻ. രണ്ടാമത്തേത് എക്‌സ്‌ക്ലൂഷൻ. ഇതിൽ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോൾ.
Read also:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 606 മരണം
മറ്റ് രാജ്യങ്ങൾ
ബ്രിട്ടൻ, ചൈന, യുഎസ് എന്നിവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനിലധികം വ്യത്യസ്ത വാക്സിനുകൾ ഇപ്പോൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ഇതുവരെ 13,690,219 പേർക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. 5,86,776 പേരാണ് വൈറസ് ബാധയേറ്റ് മരണത്തിന് കീഴ്പ്പെട്ടത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. രണ്ടാം സ്ഥാനത്ത് ബ്രസീലും, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് കൊവിഡ് ബാധിതരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
Story Highlights: corona virus vaccine updates