രാജ്യത്ത് 30,000 കടന്ന് കൊവിഡ് മരണം; ആകെ പോസിറ്റീവ് കേസുകൾ 1,287,945 ആയി, സ്ഥിതി രൂക്ഷം
മാസങ്ങൾ പിന്നിട്ടിട്ടും കൊറോണ വൈറസ് എന്ന മഹാവിപത്തിനെ തുരത്തിയോടിക്കാൻ ലോകജനതയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇതുവരെ 30,601 പേരാണ് ഇന്ത്യയിൽ മാത്രം കൊറോണ വൈറസിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 740 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിദിന മരണനിരക്ക് റിപ്പോർട്ട് ചെയ്‌തത് കഴിഞ്ഞ ബുധനാഴ്ചയാണ്. ബുധനാഴ്ച മാത്രം 1130 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
24 മണിക്കൂറിനിടെ അരലക്ഷത്തിനടുത്ത് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 49,310 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത്. പ്രതിദിന കൊവിഡ് കേസുകളിൽ റെക്കോർഡ് വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,287,945 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 440,135 ആണ്. രോഗമുക്തരായവരുടെ എണ്ണം 8,17,208 ആയത് നേരിയ ആശ്വാസം പകരുന്നുണ്ട്.
Read also: സുശാന്ത് സിംഗിന്റെ അവസാന ചിത്രം ഇന്ന് പ്രദർശനത്തിനെത്തും- ‘ദിൽ ബേചാര’യ്ക്കായി പ്രതീക്ഷയോടെ ആരാധകർ
മഹാരാഷ്ട്രയിലാണ് രോഗവ്യാപനം കൂടുതൽ. 9895 കേസുകളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ 7998, തമിഴ്‌നാട്ടിൽ 6472 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 5000 ലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story Highlights: covid updates India