എന്തുകൊണ്ട് തുണി മാസ്കുകൾ എൻ 95 മാസ്കുകളെക്കാൾ സുരക്ഷിതം? കാരണം അറിയാം
കൊവിഡ് പ്രതിസന്ധി ദിനംപ്രതി വർധിക്കുകയാണ്. മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗവുമായിക്കഴിഞ്ഞു. ഏപ്രിൽ 30നാണ് ഇന്ത്യയിൽ മാസ്ക് നിർബന്ധമാക്കിയത്. ഇന്ന് പലതരത്തിലുള്ള മാസ്കുകൾ വിപണിയിൽ ലഭ്യമാണെങ്കിലും ഏറ്റവും സുരക്ഷിതമായത് തുണികൊണ്ടുള്ള മാസ്ക് ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
സാധാരണക്കാരും എൻ 95 മാസ്കുകൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഒന്നിലധികം പാളികളും വാൽവുമുള്ള എൻ 95 മാസ്കിനെക്കാൾ എന്ത് സുരക്ഷിതത്വമാണ് തുണി മാസ്കുകൾ പ്രദാനം ചെയ്യുന്നതെന്ന ആശങ്കയിലാണ് ജനങ്ങൾ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിർദേശത്തിന് പിന്നിലുള്ള കാരണങ്ങൾ അറിയാം.
എന്തുകൊണ്ട് എൻ 95 മാസ്കുകൾക്ക് പകരം തുണി മാസ്കുകൾ?
എൻ 95 മാസ്കുകളിലെ വാൽവിലൂടെ അണുക്കൾ പുറത്തേക്ക് കടക്കും. അതുകൊണ്ട് തന്നെ എൻ 95 മാസ്കുകൾ അണുക്കളെ പ്രതിരോധിക്കാൻ സഹായകരമല്ല. അതായത്, രോഗം ബാധിച്ച വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അണുക്കൾ വാൽവിലൂടെ പുറത്തേക്ക് കടക്കും. മാത്രമല്ല, വീണ്ടും വീണ്ടും ഒരേ മാസ്ക് ഉപയോഗിക്കുന്നത് കൂടുതൽ അപകടവുമാണ്. ഒപ്പം തന്നെ വലിച്ചെറിഞ്ഞാൽ അത് മറ്റുള്ളവരിലേക്ക് അണുക്കളെത്താനുള്ള ഒരു മാർഗവുമായി മാറും.
അതേസമയം തുണി മാസ്കുകൾ നമുക്ക് വീടുകളിൽ തന്നെ നിർമിക്കാം. മാത്രമല്ല, കാനഡ മാക് മാസ്റ്റർ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ തുണി കൊണ്ടുള്ള മാസ്കാണ് ഏറ്റവും മികച്ച രീതിയിൽ രോഗം പ്രതിരോധിക്കുന്നതെന്നും കണ്ടെത്തി. തുണി കൊണ്ടുള്ള മാസ്ക് എത്ര തവണ വേണമെങ്കിലും കഴുകി ഉപയോഗിക്കാം. വലിച്ചെറിയേണ്ട ആവശ്യവും വരുന്നില്ല.
തുണി മാസ്കുകൾ സുരക്ഷിതമെങ്കിലും ഉപയോഗിക്കുമ്പോൾ കരുതൽ ആവശ്യമാണ്. ഓരോ തവണ ഉപയോഗിച്ച ശേഷവും ചൂടുവെള്ളത്തിൽ കഴുകണം. വെയിലത്ത് തന്നെ ഉണങ്ങാൻ അനുവദിക്കണം. മാത്രമല്ല, തുണി മാസ്കുകൾ ഉപയോഗിച്ച ശേഷം അപ്പോൾ തന്നെ കഴുകേണ്ടത് അത്യാവശ്യമാണ്. ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം കഴുകുന്നത് അപകടകരമാണ്.
പുറത്ത് പോകുമ്പോൾ അണിയുന്ന മാസ്കിനൊപ്പം രണ്ടെണ്ണം അധികം കരുതേണ്ടതുണ്ട്. അതോടൊപ്പം തന്നെ മാസ്കുകൾ അണുവിമുക്തമാക്കാൻ അണുനാശിനി തളിക്കുന്നത് ശരിയല്ല. ചിലർക്കിത് ചർമ പ്രശ്നം സൃഷ്ടിക്കും.
Story highlights-difference between N95 mask and cloth mask