കൊവിഡ്: വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുന്നറിയിപ്പ് നല്കി എറണാകുളം കളക്ടര്‍
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. എന്നാല്‍ ഈ മഹാമാരിയേക്കാള് വിപത്താണ് സമൂഹമാധ്യമങ്ങള്‍ വഴി ചിലര്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അറിവുണ്ടെങ്കിലും പലരും അറിഞ്ഞും അറയാതെയും തെറ്റായ വാര്‍ത്തകളുടെ പ്രചാരകരാകുന്നുണ്ട്.
കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. കൊച്ചിയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കളക്ടര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം എറണാകുളം ജില്ലയില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. പനമ്പള്ളി നഗര്‍ ഉള്‍പ്പെടെ കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളും ആലുവ നഗരസഭാ മാര്‍ക്കറ്റും അടക്കം പത്ത് കണ്ടെയ്ന്മെന്റ് സോണാണ് എറണാകുളം ജില്ലയിലുള്ളത്.
കൊച്ചി നഗരസഭയിലെ പനമ്പള്ളി നഗര്‍, ഗിരിനഗര്‍, പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, പറവൂര്‍ നഗരസഭയിലെ എട്ടാം ഡിവിഷന്, കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ്, പിറവം നഗരസഭയിലെ 17-ാം ഡിവിഷന്, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷന് എന്നിവിടങ്ങളാണ് എറണാകുളം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍.
Story highlights: Ernakulam collector warning against fake news