ജാക്സണെ പോലെ ഞാൻ ചിരിക്കാറുപോലുമില്ല; ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകാതിരിക്കൂ-മുന്നറിയിപ്പുമായി ബാബു ആന്റണി

August 8, 2022

മലയാളികളുടെ പ്രിയതാരം ബാബു ആന്റണി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിയിക്കുന്നത്. തന്റെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജന്മാരിൽ നിന്നും കരുതിയിരിക്കാനുള്ള മുന്നറിയിപ്പാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം തന്റെ പേരിൽ ഒരു കുടുംബം വഞ്ചിതരായെന്നും വഞ്ചിക്കപ്പെട്ട കുടുംബം പങ്കുവെച്ച കുറിപ്പിന്റെ സ്ക്രീൻ ഷോട്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് വ്യാജന്മാർക്കെതിരെ താരം രംഗത്തുവന്നിരിക്കുന്നത്.

‘തന്റെ ശബ്ദം മിമിക്രി കലാകാരൻമാർ അനുകരിക്കുന്നതുപോലെ അല്ല. മിമിക്രി കലാകാരൻമാർ അനുകരിക്കുന്നത് താൻ വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച നാടോടി എന്ന ചിത്രത്തിലെ ജാക്സൺ എന്ന കഥാപാത്രത്തിന്റെ ശബ്ദമാണ്. യഥാർത്ഥത്തിൽ ജാക്സനെപ്പോലെ ഞാൻ ചിരിക്കാറുപോലുമില്ല’ എന്നാണ് ബാബു ആന്റണി പറഞ്ഞത്. ‘ഇക്കാര്യങ്ങൾ താൻ വളരെ കൃത്യമായി അടുത്തിടെ പങ്കെടുത്ത ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് പരുപാടിയിൽ വെച്ച് പറഞ്ഞിട്ടുള്ളതായും നടൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

അതേസമയം അടുത്തിടെ ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ വേദിയിൽ കുടുംബത്തിനൊപ്പം ബാബു ആന്റണി എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഒരുകോടി’ വേദിയിലും താരം മത്സരാർത്ഥിയായി എത്തിയിരുന്നു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ ആണ് മലയാളത്തിൽ ഒരുങ്ങുന്ന ബാബു ആന്റണി ചിത്രം. സിനിമ ക്രിസ്‌മസ്‌ റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. 2020 ൽ പ്രഖ്യാപിച്ച സിനിമ പലകാരണങ്ങൾ കൊണ്ട് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

Read also: കാറിൽ കണ്ട നായക്കുട്ടിയെ കളിപ്പിച്ച് വഴിയോരക്കച്ചവടക്കാരനായ ബാലൻ; ഹൃദയം കവർന്ന വിഡിയോ

പവർ സ്റ്റാറിൽ ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കൻ ബോക്‌സിങ് ഇതിഹാസം റോബർട്ട് പർഹാമും അഭിനയിക്കുന്നുണ്ട്. ഇവർക്കും പുറമെ കന്നഡ താരം ശ്രേയസ് മഞ്ജുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story highlights: Babu Antony’s Post about Fake news