കാറിൽ കണ്ട നായക്കുട്ടിയെ കളിപ്പിച്ച് വഴിയോരക്കച്ചവടക്കാരനായ ബാലൻ; ഹൃദയം കവർന്ന വിഡിയോ

August 8, 2022

മനുഷ്യന്റെ തിരക്കിട്ട യാത്രയ്ക്കിടെയിൽ ചിലപ്പോഴെങ്കിലും ചില മനോഹരമായ കാഴ്ചകൾ നമ്മുടെ കണ്ണുകളെ ഉടക്കിയേക്കാം. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാകുന്നത്. ട്രാഫിക്കിൽ കിടക്കുന്ന കാറിൽ ഇരിക്കുന്ന നായകുട്ടിയുടെ അടുത്തേക്ക് തെരുവിൽ ബലൂൺ വിൽക്കുന്ന ഒരു ബാലൻ എത്തുന്നതും, തുടർന്ന് നായക്കുട്ടിയെ അവൻ ഓമനിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. കണ്ടുനിൽക്കുന്നവരുടെ മുഴുവൻ ഹൃദയങ്ങൾ കീഴടക്കുന്നതാണ് ഈ ദൃശ്യങ്ങൾ. വാഹനത്തിൽ ഇരിക്കുന്ന നായയെ കെട്ടിപ്പിടിക്കുകയും ഉമ്മ നൽകുകയും നായയ്ക്ക് കൈ കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട് ഈ ബാലൻ.

അതേസമയം പെട്ടന്ന് തന്നെ ഈ ബാലനുമായി നായയും സൗഹൃദത്തിലാകുന്നുണ്ട്. ഇരുവരുടെയും സ്നേഹപ്രകടനം കണ്ട് വഴിയോരക്കച്ചവടക്കാരായ മറ്റ് കുട്ടികളും കാറിനടുത്തേക്ക് എത്തുന്നതും നായയെ കളിപ്പിക്കാൻ ശ്രമിക്കുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണാം. നിമിഷങ്ങൾ മാത്രം നിലനിൽക്കുന്ന ഈ സൗഹൃദത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ ഇടങ്ങളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 2.7 മില്യൺ കാഴ്ചക്കാരാണ് ഇതിനോടകം ഈ ദൃശ്യങ്ങൾ കണ്ടിരിക്കുന്നത്.

Read also: അന്നും ഇന്നും ഒരുപോലെ; വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് മലയാളികളുടെ പ്രിയതാരം ഗോപിക, ഒരു മാറ്റവും ഇല്ലല്ലോയെന്ന് ആരാധകർ

ഹോപ് ഓഫ് മൈ ലൈഫ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഈ സ്നേഹ വിഡിയോ കാഴ്ചക്കാരുടെ മുഴുവൻ കണ്ണുകളെയും ഈറനണിയിക്കുന്നതാണ്. അതേസമയം സോഷ്യൽ ഇടങ്ങളിൽ ഇത്തരത്തിലുള്ള ഒട്ടനവധി വിഡിയോകളാണ് ദിവസവും വൈറലാകുന്നത്. മനുഷ്യനോട് വളരെയധികം സ്നേഹവും കരുതലുമുള്ള മൃഗങ്ങൾ നായകളാണ്. അതുകൊണ്ടുതന്നെ നായകളുടെ വിഡിയോകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളുടെ മനം കവരാറുണ്ട്. നേരത്തെയും ഇത്തരം വിഡിയോകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞതാണ്. ഒരിക്കൽ വെള്ളത്തിൽ വീണ് ബോൾ എടുക്കാൻ ശ്രമിക്കുന്ന കൊച്ചുകുട്ടിയുടെ ജീവൻ രക്ഷിച്ച ഒരു നായയുടെ ദൃശ്യങ്ങളും ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights: Street boy and dog viral video touches the heart