‘ഒരു ഫോൺ ചെയ്യാനുള്ള കാശൊക്കെ ദൈവം സഹായിച്ച് കയ്യിലുണ്ട്’; ആരാധകനെ അമ്പരപ്പിച്ച ജയസൂര്യയുടെ ഫോൺ കോൾ- ശ്രദ്ധേയമായി കുറിപ്പ്
ജൂനിയർ ആർട്ടിസ്റ്റായി എത്തി ഇന്ന് മലയാള സിനിമയുടെ വാഗ്ദാനമായി മാറിയ താരമാണ് ജയസൂര്യ. സിനിമയിലെത്താൻ ഒട്ടേറെ കഷ്ടപ്പാടുകൾ തുടക്കത്തിൽ അനുഭവിച്ചിട്ടുള്ളതിനാൽ വിനയവും ആരാധകരോടുള്ള മനോഭാവവും ജയസൂര്യയുടെ പ്രത്യേകതയാണ്. പത്തുവർഷം മുൻപ് ജയസൂര്യയുമായി ഫോണിൽ സംസാരിച്ച കഥ പറയുകയാണ് ആരാധകനായ ജെറി ഹാരിസൺ കുരിശുങ്കൽ. ഗുലുമാൽ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ജയസൂര്യ ജെറിയെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ഒരു സിനിമാ ഗ്രൂപ്പിലാണ് ജെറി കുറിപ്പ് പങ്കുവെച്ചത്.
ജെറിയുടെ വാക്കുകൾ;
സംഭവം നടക്കുന്നത് 2010ൽ ആണ്, ‘ഗുലുമാൽ’ എന്ന കുഞ്ചാക്കോ-ജയസൂര്യ പടം റിലീസ് കഴിഞ്ഞ സമയം. ഞാൻ ഫേസ്ബുക്കിൽ ജോയിൻ ചെയ്ത സമയം, ജയസൂര്യയും ആ സമയത്താണ് ഫേസ്ബുക്കിൽ ജോയിൻ ചെയ്യുന്നത് എന്നാണ് ഓർമ. കണ്ടപാടെ റിക്വസ്റ്റ് കൊടുത്ത്, അപ്പോൾ തന്നെ പുള്ളി എന്നെ ഫ്രണ്ട് ആയി സ്വീകരിച്ചു. അന്ന് ഇന്നത്തെ പോലെയല്ല, പേജും ഗ്രൂപ്പും ഒന്നും ഇല്ല. ആഡ് ചെയ്തപ്പോൾ തന്നെ ഞാൻ പുള്ളിയുടെ വോളിൽ ഒരു മെസ്സേജ് ചെയ്തു, പുള്ളിയുടെ ആക്ടിങ് ഇഷ്ടമാണെന്നും സംസാരിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞതും പുള്ളി എന്നോട് നമ്പർ ചോദിച്ചു. നമ്പർ കൊടുത്തതും എനിക്കൊരു കോൾ..എടുത്തപ്പോൾ ജയസൂര്യയാണ്. ‘അയ്യോ ഞാൻ തിരിച്ചു വിളിക്കട്ടെ’ എന്ന് ചോദിച്ചു. അപ്പോൾ പുള്ളി പറഞ്ഞത് “ഒരു ഫോൺ ചെയ്യാനുള്ള കാശൊക്കെ ദൈവം സഹായിച്ച് കയ്യിലുണ്ട്” എന്നാണ്. എന്റെ പേര് ചോദിച്ചു, ‘ഗുലുമാൽ’ എന്ന സിനിമയിലെ നിങ്ങളുടെ ക്യാരക്ടറിന്റെ പേരാണ് എന്റെതെന്ന് പറഞ്ഞു. അത് കൊള്ളാമെന്നും, സ്വഭാവം അങ്ങനെ ആവാതെ ഇരുന്നാൽ മതിയെന്നുമായിരുന്നു മറുപടി. എന്നിട്ട് അദ്ദേഹം കുറെ ചിരിച്ചു.
ഫോൺ കോൾ ഏകദേശം ഒരു 15-20 മിനിറ്റ് ഉണ്ടായിരുന്നു. അന്ന് ഞാൻ പുള്ളിയോട് ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഇനി ആഗ്രഹമെന്നാണ്. പുള്ളി പറഞ്ഞ മറുപടി ഇതായിരുന്നു- “കിട്ടുന്ന ഏതു വേഷവും നന്നായി ചെയ്യുന്നതിനോടൊപ്പം വ്യത്യസ്തമായ മേക്ക് ഓവറിൽ വരണമെന്നുമാണ്”. അങ്ങനെ ആരേലും നിലവിൽ ഉണ്ടോ എന്ന ചോദ്യത്തിന് പുള്ളി പറഞ്ഞത് – “മമ്മൂക്കയുടെ ഒട്ടുമിക്ക സിനിമയിലെ ഫോട്ടോസ് കണ്ടാൽ ഏതു സിനിമയാണെന്ന് പറയാൻ പറ്റും. ഒരുപാട് ദൂരം ഇനിയും പോവാനുണ്ട്, നായക റോളുകൾ തന്നെ വേണോന്നുമില്ല, വില്ലൻ ആയാലും നുമ്മ റെഡി” എന്നാണ്. അപ്പോൾ എനിക്കോർമ്മവന്നത് ‘കങ്കാരു’വിലെ മോനച്ചനെയാണ്.
ഇന്നിപ്പോൾ 10 വർഷം കഴിഞ്ഞു, ജയസൂര്യയുടെ സിനിമകൾ നോക്കിയാൽ 99% പുള്ളി മേൽപറഞ്ഞ കാര്യത്തോട് സത്യസന്ധത പാലിച്ചിട്ടുണ്ട്. സിനിമ വിജയമായാലും പരാജമായാലും ജയസൂര്യ തന്റേതായ രീതിയിൽ കഥാപാത്രത്തിന് വ്യത്യസ്തത വരുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
കഴിഞ്ഞ ദിവസം സൈജുകുറുപ്പിന്റെ ഒരു ഇന്റർവ്യൂയിൽ അദ്ദേഹം പറഞ്ഞു അടുത്ത വർഷത്തേക്കുള്ള കഥാപാത്രത്തിന് വേണ്ടി ജയസൂര്യ നോട്ട്സ് പ്രിപ്പയർ ചെയ്യുന്നത് കണ്ട് അത്ഭുതം തോന്നി എന്ന്. അപ്പോഴാണ് 10 വർഷങ്ങൾക്ക് മുൻപുള്ള എന്റെ ഫോൺ വിളി ഓർമ വന്നതും പോസ്റ്റ് ഇടണം എന്ന് തോന്നിയതും.
ജയസൂര്യ, നിങ്ങ പൊളിയാണ് മച്ചാനെ!!!
Read More: കൊവിഡ് പ്രതിസന്ധി; സ്‌കൂളുകൾ തുറക്കുന്നത് ഓഗസ്റ്റിലെ രോഗവ്യാപന രീതി വിലയിരുത്തിയ ശേഷം മാത്രം
ചാനൽ അവതാരകനായും മിമിക്രി വേദികളിലൂടെയുമാണ് ജയസൂര്യ സിനിമയിലേക്ക് എത്തുന്നത്. 2001ൽ ‘ദോസ്ത്’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലെത്തിയ ജയസൂര്യ, അടുത്തവർഷം തന്നെ വിനയൻ ചിത്രമായ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിൽ നായകനായി വേഷമിട്ടു. നായക വേഷം തന്നെ വേണമെന്ന നിർബന്ധമില്ലാത്തതാണ് ജയസൂര്യയുടെ വളർച്ചയ്ക്ക് പിന്നിൽ.
Story highlights-film viewer about jayasurya