കൊവിഡ് പ്രതിസന്ധി; സ്‌കൂളുകൾ തുറക്കുന്നത് ഓഗസ്റ്റിലെ രോഗവ്യാപന രീതി വിലയിരുത്തിയ ശേഷം മാത്രം

July 21, 2020

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കാൻ വൈകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ ഏതാനും സ്‌കൂളുകൾ ഓണത്തിന് ശേഷം പരീക്ഷണാർത്ഥം തുറക്കാനാണ് തീരുമാനം. എന്നാൽ ഓഗസ്റ്റിലെ രോഗവ്യാപന രീതി കണക്കിലെടുത്ത് മാത്രമേ പരീക്ഷണാർത്ഥത്തിൽ പോലും സ്‌കൂളുകൾ തുറക്കാൻ സാധിക്കൂ.

ജൂലൈ വരെ സ്‌കൂളുകൾ അടച്ചിടാനാണ് കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ നിലവിലെ സാഹചര്യങ്ങളനുസരിച്ച് ഉത്തരവ് നീളാനാണ് സാധ്യത. കേരളത്തിൽ എല്ലാ ജില്ലയിലും ഒരുപോലെയല്ല രോഗവ്യാപനം. മാത്രമല്ല, ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത തോതിലാണ് കൊവിഡ് രോഗബാധ. എന്തായിലും സെപ്റ്റംബറിന് ശേഷം മാത്രമായിരിക്കും അടച്ചിടൽ നീണ്ടാൽ സിലബസ് വെട്ടികുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ.

ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസ രീതിയാണ് സ്‌കൂളുകൾ പിന്തുടരുന്നത്. വിക്ടേഴ്‌സ് ചാനലിലൂടെ വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്കായി ഓൺലൈനായി പഠനം നടക്കുന്നുണ്ട്. ഡിഗ്രി, പി ജി മറ്റ് പ്രൊഫഷണൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൂം, ഗൂഗിൾ മീറ്റ് മുതലായ സംവിധാനങ്ങൾ വഴി ക്ലാസുകൾ എടുക്കുന്നുണ്ട്.

Read More: എല്ലാ ശക്തിയേയും വയറുകൊണ്ട് നേരിട്ട ഒരാൾ; അറിയാം ഫ്രാങ്ക് റിച്ചാർഡ്‍സ് എന്ന ഉരുക്കുമനുഷ്യനെ

അതേസമയം, കേരളത്തിൽ ഇന്നലെ മാത്രം 794 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കൂടാതെ 2 ബി.എസ്.എഫ് ജവാന്‍മാര്‍ക്കും, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 5618 പേര്‍ ഇതുവരെ സംസ്ഥാനത്ത് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 7611 പേരാണ് നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്.

Story highlights-when will school reopen in kerala