നാല് പേർക്ക് പുതുജീവിതം നൽകി രാജ യാത്രയായി; കോട്ടയം മെഡിക്കൽ കോളജിലെ പത്താം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

April 25, 2024

മനുഷ്യ ശരീരത്തിലെ നടത്തുന്ന ഏറ്റവും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളിലൊന്നാണ് ഹൃദയം മാറ്റിവയ്ക്കുന്നതിനായി നടത്തുന്ന സര്‍ജറി. കേരള ആരോഗ്യരംഗത്തിന് അഭിമാനമായി കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി സ്വദേശിയായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ 26 വയസുള്ള യുവാവിനാണ് മാറ്റിവച്ചത്. അവയവം ദാനം നല്‍കിയ രാജയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആദരവറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. ( Kottayam medical college 10th heart transplantation )

തലയ്ക്കുള്ളിലെ രക്തസ്രാവം കാരണമാണ് ഡ്രൈവറായ രാജയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കിയ ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്.

ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്. ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു. രാത്രിയില്‍ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. കാര്‍ഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്.

Read Also : 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളേജ്; ഇരുപത്തിനാലുകാരന് പുതുജീവൻ

ഇന്ന് അതിരാവിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. രാവിലെ 10 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായത്. മസ്തിഷ്‌ക മരണ നിര്‍ണയവും അവയവ വിന്യാസവും ശസ്ത്രക്രിയകള്‍ക്ക് ഏകോപനവും നടത്തിയത് സര്‍ക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയാണ്. രാജയുടെ ഭാര്യ എല്ലിസുമിത നാഗര്‍കോവില്‍ കോടതിയിലെ താല്‍ക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണുള്ളത്.

Story highlights : Kottayam medical college 10th heart transplantation