ഫോട്ടോയും വീഡിയോയും എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന അഞ്ച് മൊബൈല്‍ആപ്പുകള്‍
അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് ആപ്പുകളായ ടിക് ടോക്ക്, ഷെയര്‍ഇറ്റ്, എക്സെന്‍ഡര്‍ തുടങ്ങിയ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ഫോട്ടോയും വീഡിയോയുമടക്കമുള്ള ഫയലുകള്‍ വളരെ എളുപ്പത്തില്‍ കൈമാറ്റം ചെയ്യാന്‍ സാധിച്ചിരുന്നു എന്നതു കൊണ്ടുതന്നെ ഷെയര്‍ഇറ്റിനും എക്സെന്ഡറിനുമൊക്കെ ഉപയോക്താക്കള്‍ ഏറെയായിരുന്നു. ഇവയ്ക്ക് നിരോധനം വന്നതോടെ പലരും ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ മറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കാന്‍ തുടങ്ങി.
ഫോട്ടകളും വീഡിയോയുമൊക്കെ മറ്റൊരു ഫോണിലേക്ക് എളുപ്പത്തില്‍ പങ്കുവയ്ക്കാന്‍ സഹായിക്കുന്ന ചില ആപ്ലിക്കേഷനുകളെ പരിചയപ്പെടാം.
1-ഫയല്‍സ് ബൈ ഗൂഗിള്‍- ഫയല്‍സ് ഗോ എന്ന പേരിലാണ് ഈ ആപ്ലിക്കേഷന്‍ അറിയപ്പെടുന്നത്. 2017 ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഈ ആപ്ലിക്കേഷന്‍ പലര്‍ക്കും സുപരിചിതമാണ്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്ത്തുക്കുകയുള്ളൂ. ഈ ആപ് ഉപയോഗിച്ച് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. മാത്രമല്ല ആവശ്യമില്ലാത്തവ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നീക്കം ചെയ്യാനും സാധിക്കുന്നു.
2- ജിയോസ്വിച്ച്- ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാതെയും പ്രവര്‍ത്തിപ്പിക്കാം എന്നതാണ് ജിയോസ്വിച്ച് എന്ന ആപ്ലിക്കേഷന്റെ പ്രധാന ആകര്‍ഷണം. മാത്രമല്ല വളരെ വേഗത്തില്‍ തന്നെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫയലുകള്‍ കൈമാറാനും സാധിക്കുന്നു. ജിയോസ്വിച്ച് ആപ്പ് വഴി ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഐഒഎസ് ഫോണിലേക്കും തിരിച്ചും ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.
3- സെന്റ് എനിവെയര്‍– ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഐഒഎസ് ഉപഭോക്താക്കാള്ക്കും ലഭ്യമാണ്. വൈഫൈയുടെ സഹായത്താല്‍ ഈ ആപ്ലിക്കേഷനിലൂടെ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്നു. ഇതിനു പുറമെ ലിങ്ക് ഉപയോഗിച്ച് സോഷ്യല്‍മീഡിയ പ്ളാറ്റ്ഫോമുകളിലൂടെയും മറ്റുള്ളവര്‍ക്ക് ഫയലുകള്‍ കൈമാറാന്‍ സാധിക്കുന്നു.
4- ഷെയര്‍ ഓള്- വൈ ഫൈയുടെ സഹായത്താല്‍ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു. ഈ ആപ്ലിക്കേഷനും നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാവുക. അതേസമയം ഫോണിലെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പ്രത്യേക ലോക്കിങ് സംവിധാനത്തിലൂടെ സുരക്ഷിതമാക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു.
5-സൂപ്പര്‍ ബീം- പ്രവര്‍ത്തനത്തില്‍ ഷെയര്‍ ഇറ്റിന് സമാനമാണ് സൂപ്പര്‍ ബീം എന്ന ആപ്ലിക്കേഷന്‍. വൈഫൈ ഉപയോഗിച്ച് ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. ക്യു ആര് കോഡ് ഉപയോഗിച്ച് സ്കാന്‍ ചെയ്തോ അല്ലാതെയോ ഫയലുകള്‍ കൈമാറാന്‍ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
Story highlights: Five Mobile Apps For Sending Files