ഇനി ഫോൺ വിളിക്കാൻ പുരപ്പുറത്ത് കയറണ്ട; ഗ്രാമവാസികൾക്ക് മറക്കാനാവാത്ത സമ്മാനം ഒരുക്കി അംപയർ അനിൽ ചൗധരി
ഫോൺ ചെയ്യണമെങ്കിൽ മരത്തിലോ പുരപ്പുറത്തോ കയറണം, ഓൺലൈൻ ക്ലാസുകളെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ട…ഇത്തരത്തിൽ മൊബൈലിന് റേഞ്ച് പോലും ലഭിക്കാത്ത നിരവധി സ്ഥലങ്ങൾ ഇപ്പോഴും ഇന്ത്യയിൽ ഉണ്ട്. അത്തരത്തിൽ ഒരു ഗ്രാമമായിരുന്നു ഉത്തർപ്രദേശിലെ ഷാംലിയയിലേത്. എന്നാൽ ഇപ്പോൾ അവർക്ക് സ്വന്തമായി ഒരു മൊബൈൽ ടവർ തന്നെയുണ്ട്.
ഈ ഗ്രാമവാസികൾക്ക് റേഞ്ച് ലഭിച്ചതിന് പിന്നിൽ ഐസിസി അംപയർ അനിൽ ചൗധരിയാണ്. അടുത്തിടെ അവധിക്കാലത്ത് പൂർവികരുടെ ഗ്രാമത്തിൽ സന്ദർശനത്തിനെത്തിയതാണ് അനിൽ ചൗധരിയും കുടുംബവും. പെട്ടന്നാണ് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ചൗധരി അവിടെ കുടുങ്ങിപ്പോയി.
Read also: കേട്ടുകൊണ്ടേയിരിക്കും; ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ആര്യ ദയാല്‍
ഫോൺ വിളിക്കാനായി മരത്തിലോ പുരപ്പുറത്തോ കയറേണ്ട അവസ്ഥ. വർഷങ്ങളായി ഇവിടെ റേഞ്ചിന്റെ പ്രശ്നമുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഗ്രാമത്തലവൻ അധികൃതർക്ക് പലതവണ കത്തും നൽകിയതാണ്. പക്ഷെ ഫലമുണ്ടായില്ല. ഇതോടെ ചൗധരി ഗ്രാമത്തിലെ ഈ അവസ്ഥ ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളെ അറിയിച്ചു. അവർ അവിടെ ടവർ സ്ഥാപിച്ചുനൽകി.
ഇതോടെ ഇവിടുത്തെ കുട്ടികൾക്ക് പറമ്പിലോ പുരപ്പുറത്തോ കയറാതെ ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കാൻ സാധിക്കുമെന്നും ചൗധരി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അതേസമയം മരത്തിന് മുകളിൽ ഇരുന്ന് ഫോൺ ചെയ്യാൻ ശ്രമിക്കുന്ന ചൗധരിയുടെ ചിത്രം നേരത്തെ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
Story Highlights :Icc umpire anil chaudhary resolves network problems in his village