പച്ചപ്പിനായി ലോഹമരങ്ങൾ, മനോഹരമായ രത്നങ്ങൾ പതിപ്പിച്ച പള്ളികളും ഹോട്ടലുകളും; അത്ഭുതമായി ഭൂമിക്കടിയിലെ വിസ്മയ നഗരം

അത്യാധുനീക സജീകരണങ്ങളോടുകൂടിയ നിരവധി കിടപ്പുമുറികൾ മനോഹരമായ സന്ദർശന മുറികളും, അടുക്കളയും..ഇടയ്ക്കിടയ്ക്കായി ആർട്ട് ഗ്യാലറിയും, പള്ളികളും, ഹോട്ടലുകളും, ബാറുകളും.. സൂര്യ പ്രകാശം ലഭിക്കാത്തതിനാൽ കൃത്രിമ ബൾബുകൾ, പച്ചപ്പിനായി ലോഹങ്ങൾ കൊണ്ടുള്ള മരങ്ങൾ … പറഞ്ഞ് വരുന്നത് സിനിമ സെറ്റിനെക്കുറിച്ചല്ല, ഭൂമിക്കടിയിലെ കൂബർ പെഡി എന്ന അത്ഭുത നഗരത്തെക്കുറിച്ചാണ്.

ആദ്യകാഴ്ചയിൽ വെറും തരിശുഭൂമി എന്ന് മാത്രമേ തോന്നുകയുള്ളൂ, എന്നാൽ അകത്ത് കയറിയാൽ ഞെട്ടിക്കുന്ന കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. കാഴ്ചയിലുള്ള ഈ ഭംഗിയ്ക്ക് പുറമെ നിരവധിയാണ് ഈ നഗരത്തിന്റെ പ്രത്യേകതകൾ.
രത്നങ്ങളുടെ അമൂല്യശേഖരം നിറച്ച ഓസ്ട്രേയിലയിലെ കൂബർ പെഡി നഗരത്തിൽ നിരവധി ആളുകൾ ഇപ്പോഴും താമസിക്കുന്നുണ്ട്. ക്ഷീരസ്ഫടികം (ഒപൽ) എന്നറിയപ്പെടുന്ന അപൂർവ രത്നത്തിന്റെ കലവറയാണ് ഈ പ്രദേശം.

ആദ്യകാലങ്ങളിൽ ഈ അപൂർവ രത്നം തേടി നിരവധിയാളുകൾ ഇവിടേക്ക് എത്തിയിരുന്നു. എന്നാൽ ഇവിടുത്തെ അസഹനീയമായ ചൂടും കാലാവസ്ഥയും സഹിക്കാൻ കഴിയാതെ വന്നു. ഇതിൽ നിന്നും രക്ഷ നേടുന്നതിനായി ഇവിടെത്തുന്നവർ ഭൂമിക്കടിയിൽ കുഴികൾ നിർമ്മിക്കാൻ ആരംഭിച്ചു.

ഇത്തരത്തിൽ നിരവധി കുഴികൾ ഉണ്ടായതോടെ എല്ലാ സൗകര്യങ്ങളും ഒരുക്കി ഇവിടുത്തെ ആളുകൾ ഈ കുഴികൾ വാസയോഗ്യമാക്കി അവിടെ സ്ഥിരതാമസം തുടങ്ങി. അങ്ങനെയാണ് ഭൂമിക്കടിയിൽ ഇത്ര മനോഹരമായ ഒരു നഗരംതന്നെ ഉണ്ടായത്.
ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയായ ക്ഷീര സ്ഫടികങ്ങൾ ഹോട്ടലുകളിലെ ഭിത്തികളിൽ വരെ ഇവർ പതിപ്പിച്ചിട്ടുണ്ട്.
Story Highlights: In Coober Pedy People Live Underground