12 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്
രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. രോഗ ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 1129 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
12,38,635 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 29,861 പേരുടെ ജീവനും കൊവിഡ് കവര്‍ന്നു. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4.26 ലക്ഷം പേര് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. 7.82 ലക്ഷം രോഗികള്‍ രോഗത്തില്‍ നിന്നും ഇതുവരെ മുക്തരായി.
അതേസമയം കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ് മഹാരാഷ്ട്ര സംസ്ഥാനത്ത്. 3.37 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 12,556 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഡല്‍ഹിയിലും തമിഴ്നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1.86 ലക്ഷം പേര്‍ക്ക് തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു. 3144 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1.26 ലക്ഷം പിന്നിട്ടു. 3719 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്.
Story highlights: India’s Covid 19 case tally crosses 12 lakh