‘അയ്യപ്പനും കോശിക്കും’ വേണ്ടി നഞ്ചമ്മ പാടി; കേട്ടത് മൂന്ന് കോടിയിലധികം ആളുകള്‍
ചില പാട്ടുകള്‍ വളരെ വേഗത്തില്‍ ആസ്വാദക മനസ്സുകള്‍ കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ടുകള്‍ പ്രേക്ഷക നെഞ്ചില്‍ ഇടം നേടുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനവും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. മൂന്ന് കോടിയിലധികം പേരാണ് ഈ ഗാനം യുട്യൂബില്‍ കണ്ടത്. പാട്ടിന് അവസാനമുള്ള നഞ്ചമ്മയുടെ ചിരിയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയിരുന്നു.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. കാലയവനികയ്ക്ക് പിന്നില്‍ മറയുന്നതിന് മുന്‍പ് സംവിധായകന് സച്ചി മലയാളികള്‍ക്ക് നല്കിയ അതിശ്രേഷ്ഠമായ ഒന്ന്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഇടം നേടി. ഒരു കാലവര്‍ഷപ്പെയ്ത്തിലും ഒഴുകിപോകാത്തത്ര ഉറപ്പുണ്ട് ചിത്രത്തിലെ ഓരോ രംഗങ്ങള്‍ക്കും.
ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ ശ്രദ്ധ നേടിയതാണ് നഞ്ചമ്മ പാടിയ ടൈറ്റില്‍ ഗാനം. കൃഷിപ്പണിയെടുത്തും ആടുകളേയും പശുക്കളേയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചമ്മ കൂടുതലും പാടുന്നത്. സിനിമ നടനായ ആദിവാസി കലാകാരന് പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചമ്മ അംഗമാണ്.
അതേസമയം അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന് എത്തിയത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന് കാഴ്ചവെച്ചതും. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Kalakkatha Title Song Ayyappanum Koshiyum 3M Views