നദിക്ക് കുറുകെ പാലം, അതിലൊരു തീവണ്ടിയും; പക്ഷെ സംഗതി ഒരു ഹോട്ടലാണ്
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു ഹോട്ടലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മനോഹരമായി ഒഴുകുന്ന ഒരു നദിക്ക് കുറുകെ പാലം. ആ പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിന്‍. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അതൊരു ട്രെയിനല്ല ഹോട്ടലാണെന്ന്.
ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കിലാണ് ഈ അത്യാഡംബര ഹോട്ടല്‍. ക്രൂഗര്‍ ഷലാറ്റി എന്നാണ് ഈ തീവണ്ടി ഹോട്ടലിന്റെ പേര്. 1920-കളിലാണ് ക്രൂഗര്‍ നാഷ്ണല്‍ പാര്‍ക്കിലേക്ക് സന്ദര്‍ശനം അനുവദിച്ചത്. അക്കാലത്ത് അതിലെ ഓടിയിരുന്ന ഒരു തീവണ്ടി അര്ത്ഥരാത്രിയില് സ്ഥിരമായി നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് പുതിയ ഹോട്ടലിന്റെ നിര്‍മിതി.
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ സഞ്ചരികളുടെ ഓര്‍മ്മയ്ക്കായാണ് ഇത്തരമൊരു ഹോട്ടല്‍ പണി കഴിപ്പിക്കുന്നതും. നാഷ്ണല്‍ പാര്‍ക്കിലെ സാബീ നദിക്ക് കുറുകെയുള്ള സെലാറ്റി പാലത്തില്‍ സ്ഥിരമായ നിര്‍ത്തിയിട്ടിരിക്കുന്ന പഴയ ട്രെയിനാണ് അധികൃതര്‍ ഹോട്ടലാക്കി മാറ്റുന്നത്.
31 മുറികളായിരിക്കും ഈ ആഡംബര ഹോട്ടലിലുണ്ടാവുക. പുറത്തിറങ്ങാതെ തന്നെ പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ മുറികളില്‍ പ്രത്യേക സൗകര്യമുണ്ടാകും. ഡൈനിങ് ഏരിയയും സ്വിമ്മിങ് പൂളുമെല്ലാം ഉണ്ടാകും പാലത്തിന് മുകളിലെ ഈ ഹോട്ടലില്‍. ഈ വര്‍ഷം അവസനാത്തോടെ ഹോട്ടല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Story highlights: Kruger Shalati Train Hotel In Kruger National Park South Africa