‘എന്നാൽ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്നു വിചാരിച്ചു’- കുസൃതി ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
മലയാളികൾ ഹൃദയത്തിലേറ്റിയ താരമാണ് കുഞ്ചാക്കോ ബോബൻ. സിനിമാതിരക്കുകൾക്കൊപ്പം കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിലും സജീവമായത് മകൻ ഇസഹാക്ക് പിറന്നതോടെയാണ്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇസഹാക്ക് എത്തിയതോടെ വിശേഷങ്ങളെല്ലാം മകനെക്കുറിച്ചുള്ളതാണ്.
ഇപ്പോൾ തന്റെ പുതിയ ലുക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. താടിനീട്ടിയ ലുക്കിലുള്ള ചിത്രത്തിനൊപ്പം രസകരമായ ഒരു കുറിപ്പുമുണ്ട്. ‘താടിയുള്ള അപ്പനെയെ പേടിയുള്ളു, എന്നാരോ പറഞ്ഞു!! എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്നു വിചാരിച്ചു’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.
ലോക് ഡൗൺ സമയത്ത് ഇസഹാക്കിന്റെ ഒട്ടേറെ വിശേഷങ്ങൾ കുഞ്ചാക്കോ പങ്കുവെച്ചിരുന്നു. കൊവിഡ്-19 പ്രതിസന്ധിയിലായിരുന്നതിനാൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഇസഹാക്കിന്റെ പിറന്നാൾ ആഘോഷ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു.
നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികൾ ഓരോരുത്തരും അവർക്കായി പ്രാർത്ഥനയോടെ കാത്തിരുന്നു. മകൻ പിറന്നതോടെ ഓണവും ക്രിസ്മസുമൊക്കെ ഇസഹാക്കിനോപ്പം ആഘോഷങ്ങളുമായി സജീവമാക്കിയിരുന്നു കുഞ്ചാക്കോ ബോബൻ.
അതേസമയം, മിനി കൂപ്പറിന്റെ ഏറ്റവും പുതിയ എഡിഷൻ സ്വന്തമാക്കിയ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബൻ. സ്പെഷ്യൽ എഡിഷനിലുള്ള ഈ കാറുകൾ ഇന്ത്യയിൽ ആകെ 20 എണ്ണമാണുള്ളത്. കേരളത്തിലാകട്ടെ, നാലെണ്ണവും. അതിലൊന്ന് സ്വന്തമാക്കിയത് കുഞ്ചാക്കോ ബോബനാണ്.
‘അഞ്ചാം പാതിര’യായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായി അവസാനം തിയേറ്ററിയിലെത്തിയ ചിത്രം. മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്. പുതുവർഷ റിലീസായി എത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരുന്നു ‘അഞ്ചാം പാതിരാ’. മിഥുൻ മാനുവൽ ആയിരുന്നു സംവിധാനം.
Story highlights-kunchacko boban’s new look