‘ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും, അത് കാക്കിയാണെങ്കിലും ഖദറാണെങ്കിലും’- ദുൽഖർ സൽമാന് പിറന്നാൾ സർപ്രൈസുമായി ‘കുറുപ്പ്’ സ്‌നീക്ക് പീക്ക്

July 28, 2020

രാജ്യ ചരിത്രത്തിൽ കുപ്രസിദ്ധി നേടിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന സിനിമയാണ് ‘കുറുപ്പ്’. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ കുറുപ്പായി എത്തുന്നത് മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനാണ്. ദുൽഖറിന്റെ ജന്മദിനത്തിന് മുന്നോടിയായി തന്നെ ‘കുറുപ്പ്’ സിനിമയിലെ സ്‌നീക്ക് പീക്ക് എത്തി.

വിദൂരതയിൽ നിന്നും സ്റ്റൈലിഷായി നടന്ന് കാറിൽ കയറുന്ന ദുൽഖറിന്റെ ദൃശ്യങ്ങൾക്കൊപ്പം കേൾക്കുന്ന ഡയലോഗ് ശ്രദ്ധേയമാകുകയാണ്;’ ‘ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും, അത് കാക്കിയാണെങ്കിലും ശരി, ഖദറാണെങ്കിലും ശരി’.

ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. ‘കൂതറ’ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കുറുപ്പ്’.

വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് 35 കോടി മുടക്കുമുതലാണുള്ളത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ് ‘കുറുപ്പ്’. സുഷിന്‍ ശ്യാമാണ് ‘കുറുപ്പി’ന് സംഗീതം നല്‍കുന്നത്.

നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. അഞ്ചുവര്ഷമാണ് ശ്രീനാഥ്‌ രാജേന്ദ്രൻ ചിത്രത്തിനായി ഗവേഷണം നടത്തിയത്.