‘എണ്ണയിനിയും കാച്ചാം മൈലാഞ്ചിയും ചെമ്പരത്തിയും ഞാനും ഇവിടുണ്ട് മുടി ഇനിയും വളരും’; ഹൃദയം തൊട്ട് ഒരു ഫേസ്ബുക്ക് കുറിപ്പ്

July 10, 2020
lislona

ആർക്കും ചേതമില്ലാത്ത ഒരുപകാരം ചെയ്യാൻ എന്തിനാണിങ്ങനെ മടിക്കുന്നത്…ഒരു കുഞ്ഞുമോളുടെ ചോദ്യം കാഴ്ചപ്പാടുകളെ മുഴുവൻ മാറ്റിമറിച്ച അനുഭവം പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ഒരു ‘അമ്മ. ലിസ് ലോന എന്ന യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ക്യാൻസർ രോഗികൾക്ക് വേണ്ടി മുറിമുറിച്ചുനൽകിയ സ്വന്തം മകൾ തങ്ങൾക്ക് കാണിച്ചുതന്നത് വലിയൊരു തിരിച്ചറിവാണെന്നും ഈ അമ്മ കുറിച്ചിട്ടു.

ലിസ് ലോനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ആഴ്ചയിലൊരിക്കലുള്ള എണ്ണ തേച്ചുകുളിക്ക് അമ്മുവിനെയും കൂട്ടി തലയിൽ എണ്ണ പുരട്ടികൊടുക്കാൻ ഇരിക്കുമ്പോഴാണ് അവളെന്നോടൊരു കാര്യം ചോദിച്ചത്..

നല്ല ഉള്ളോടെ നീണ്ടുവളർന്ന ഭംഗിയുള്ള മുടിയിലും തലയോട്ടിയിലും ചെറുചൂടുള്ള എണ്ണ വളരെ ശ്രദ്ധയോടെ പുരട്ടി തിരുമ്മുന്ന ഞാനാദ്യം അവൾ പറഞ്ഞത് ശ്രദ്ധിച്ചില്ല.

പെൺകുട്ടികളുടെ മുടിയിൽ എണ്ണ തേച്ചുകൊടുക്കാനിരിക്കുന്ന എല്ലാ അമ്മമാരെയും പോലെ ഞാൻ അവൾ മുടി ശ്രദ്ധിക്കാത്തതിനെപറ്റിയും എണ്ണ തേച്ച് എത്ര ബുദ്ധിമുട്ടിയാണ് ഞാനിവളുടെ മുടി ഭംഗിയായി സൂക്ഷിക്കുന്നതെന്നും എണ്ണിപ്പെറുക്കി പരാതിപെടുന്നതിനിടയിൽ പറഞ്ഞത് കേട്ടില്ല എന്നതാണ് സത്യം.

Read also:‘കറുത്തമ്മ’ മുതല്‍ ‘അമ്പടി ജിഞ്ചിന്നാക്കിടി’ വരെ: ഭാവാഭിനയത്തില്‍ അതിശയിപ്പിച്ച് കൊച്ചു മിടുക്കി

മാത്രമല്ല എപ്പോൾ കൂടെയിരുന്നാലും ഒരായിരം കാര്യങ്ങൾ സംശയങ്ങളായി ചോദിക്കാനും അവൾ കണ്ടുപിടിച്ച പല കാര്യങ്ങളും പറയാനും ഉള്ളതുകൊണ്ട് ഒരു നിമിഷം പോലും വാ പൂട്ടാതെ മിണ്ടികൊണ്ടിരിക്കുന്ന അവളെ ചിലപ്പോഴൊക്കെ ഞാൻ ഒന്നും ശ്രദ്ധിക്കാതെ കേൾക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു മൂളലോടെ ഞാനെന്റെ ലോകത്തിരിക്കും..

ഞാൻ കേട്ടില്ലെന്ന് മനസിലായതുകൊണ്ടായിരിക്കും രണ്ട് കൈ കൊണ്ടും കയ്യിൽ പിടിച്ച് അവൾ ഞാൻ എണ്ണയിടുന്നത് തടഞ്ഞു..

“അതേ ഞാൻ പറഞ്ഞത് കേട്ടോ.. ഈ ശനിയാഴ്ച്ച ഒരു ഹെയർ ഡോണെഷൻ ക്യാമ്പ് ഉണ്ട് സ്കൂളിൽ ..ഞാനും പേര് കൊടുത്തിട്ടുണ്ട്.. ശനിയാഴ്ച കഴിഞ്ഞാൽ മമ്മിയിനി എണ്ണയിടാൻ ബുദ്ധിമുട്ടണ്ടയെന്ന്..”

” എന്ത് ?? എന്തിന് ? ആരോട് ചോദിച്ചിട്ട് നീ പേര് കൊടുത്തു? അതൊന്നും പറ്റില്ല ന്ന് പറഞ്ഞാൽ പറ്റില്ല..”

പെൺകുട്ടികൾക്ക് മുടിയൊരു ഭംഗിയാണെന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്ന പപ്പ ,മകൾക്കും ഭാര്യക്കുമുള്ള എണ്ണ കാച്ചുന്നത് സ്വന്തമാണ്..എണ്ണ കാച്ചാനുള്ള മൈലാഞ്ചിയും ചെമ്പരത്തിയും നട്ടുവളർത്തി പന്തലിച്ചു നിൽക്കുന്ന മുറ്റത്താണ് ഞങ്ങൾ നിൽക്കുന്നത്..

അദ്ദേഹമിത് സമ്മതിക്കില്ലെന്ന് എനിക്കുറപ്പാണ് ഇനിയെങ്ങാനും സമ്മതിച്ചാലും എനിക്ക് സമ്മതമല്ല..
നിഷേധാർത്ഥത്തിൽ തലയാട്ടി ഞാനവളുടെ മുടിയിൽ തലോടി..

പേര് കൊടുത്തതാണെന്നും പിന്മാറാൻ കഴിയില്ലെന്നും ശനിയാഴ്ച്ച സ്കൂൾ ബസ് ഇല്ലാത്തതുകൊണ്ട് വണ്ടിയിൽ കൊണ്ടുപോയി വിടണമെന്നൊക്കെ അവൾ വിളിച്ചു പറയുന്നത് കേൾക്കാത്ത പോലെ ഞാൻ അകത്തേക്ക് കയറിപ്പോന്നു..

എന്നെ സംബന്ധിച്ചിടത്തോളം സമ്മതമല്ലാത്തതിനാൽ ഞാൻ പപ്പ വന്നിട്ടും ചോദിക്കാൻ ചെന്നില്ല..

വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങളുടെ അടുത്ത് വന്ന് അവൾ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹമിത് അറിയുന്നത്..

എന്റെ അഭിപ്രായം എന്തെന്ന് അറിയാൻ അദ്ദേഹമെന്റെ മുഖത്തേക്ക് നോക്കിയപ്പോൾ പറ്റില്ലെന്ന് ഞാൻ മുൻപേ പറഞ്ഞതല്ലേയെന്ന് അമ്മുവിനോടെന്റെ സ്വരം കടുപ്പിച്ചു..

അവളോട് ഒന്നും മുഷിഞ്ഞു പറയാത്ത പപ്പ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും സങ്കടത്തോടെ അവൾ എഴുന്നേറ്റ് പോയി..

പിറ്റേന്ന് ക്യാമ്പിലേക്ക് ഞങ്ങളവളെ വിട്ടില്ല..
അന്ന് ഉച്ചയൂണ് വേണ്ടെന്ന് പറഞ്ഞ് മുറിയിലേക്ക് പോയത് കണ്ട് വാശി വകവച്ചുകൊടുക്കണ്ടയെന്ന് ഞാനും കരുതി..

പിന്നീട് ചെന്ന് നോക്കിയപ്പോൾ കരഞ്ഞുതളർന്ന് കിടക്കുകയാണ്.. കണ്ടപ്പോൾ സങ്കടം തോന്നി ഞാനവളെ സമാധാനിപ്പിച്ചപ്പോൾ എന്നോടവൾ കുറച്ചു കാര്യങ്ങൾ പറഞ്ഞു..

മുടി ഡോണെറ്റ് ചെയ്യുന്നത് കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കാൻ ആണെന്നും.. കീമോതെറാപ്പി കാരണം മുടി പോകുന്ന അവർക്ക് സൗജന്യമായി നൽകുന്ന ഇത്തരം വിഗ്ഗുകൾ ഒരുപാട് പേർക്ക് ആശ്വാസമാണെന്നും അതിലൊരു ഭാഗമാകാൻ കഴിഞ്ഞാൽ നല്ലതല്ലേയെന്നും പറഞ്ഞ് ആർക്കും ചേതമില്ലാത്ത ഒരുപകാരം ചെയ്യാൻ എന്തിനാണിങ്ങനെ മടിക്കുന്നതെന്നും ചോദിച്ചപ്പോൾ ഇതെല്ലാം എനിക്കും അറിയാവുന്നതെങ്കിലും ആ കുഞ്ഞുമനസിന്റെ ചിന്തകൾ എനിക്കെന്തേ തോന്നിയില്ല എന്നോർത്ത് മറുപടി പറയാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല..

പപ്പയോട് പറഞ്ഞപ്പോൾ എണ്ണയിനിയും കാച്ചാം മൈലാഞ്ചിയും ചെമ്പരത്തിയും ഞാനും ഇവിടുണ്ട് മുടി ഇനിയും വളരും അവൾ പറഞ്ഞതല്ലേ ശരിയെന്ന് ചോദിച്ച്
പതിവ് പോലെ അദ്ദേഹമൊന്ന് സൗമ്യമായി പുഞ്ചിരിച്ചു..

അപ്പോൾ തന്നെ ബ്യൂട്ടിപാർലർ നടത്തുന്ന വളരെ അടുത്തൊരു സുഹൃത്തായ ആഗിയെ വിളിച്ചു അവിടെ ഹെയർ ഡോണെഷൻ ചെയ്യാൻ പറ്റുമോയെന്ന് ഞാൻ ചോദിച്ചു..സന്തോഷത്തോടെയാണ് അവർ ഉവ്വെന്നും പെട്ടെന്ന് എത്താനും പറഞ്ഞത്..

അവളെയും കൊണ്ട് ഞങ്ങൾ അവിടെത്തി ഡോണെഷന് വേണ്ടി മുടി മുറിച്ചുകൊടുക്കുമ്പോൾ അമ്മുവിന്റെ മുഖത്തെ സന്തോഷത്തിൽ എനിക്കൊരു കാര്യം മനസിലായി നമ്മൾ മുതിർന്നവരെ പോലെ സ്വാർത്ഥരല്ല മക്കൾ..

എന്റെ മകളുടെ മൂടിയുടെ സൗന്ദര്യമെന്ന സ്വാർത്ഥത
മാത്രം ഞാൻ നോക്കിയപ്പോൾ അതിനേക്കാൾ സഹജീവികളോടുള്ള കരുണയും സ്നേഹവും പകരാൻ നിസ്സാരമായൊരു കാര്യത്തിലൂടെയും സാധിക്കുമെന്ന് അവളെന്നെ പഠിപ്പിച്ചു..

ആ പ്രോചോദനമുൾക്കൊണ്ട് കുറച്ച് മുടിയുള്ള ഞാൻ തല മൊട്ടയടിച്ച് പിന്നീട് ഹെയർ ഡൊണേഷൻ ചെയ്‌തെങ്കിലും ഒൻപതുവയസുകാരി വേണ്ടിവന്നു എന്നിലേക്ക് ആ ചിന്തയെത്താൻ..

കാൻസർ ബാധിച്ചു മരിച്ച ഇന്നമ്മയുടെ (അമ്മമ്മയുടെ) മുടിയില്ലാത്ത മുഖവും ചിരിയും ഇപ്പോഴുമെന്റെ കുഞ്ഞിനെ വേദനിപ്പിക്കാറുണ്ടെന്ന് അവൾ പറഞ്ഞുകേൾക്കുമ്പോൾ സങ്കടമെന്റെ തൊണ്ടക്കുഴിയിലുമെത്തും വിമ്മിഷ്ടത്തോടെ ഒപ്പം ആരും പറയാതെ സന്തോഷത്തോടെ അവളെടുത്ത തീരുമാനത്തിന്റെ ശരിയും..

Story Highlights: Lis Lona Face book post viral