‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലി’ന്റെ ഓർമ്മകളിൽ ഗാനരചയിതാവ്; സംഗീതത്തെ പ്രണയിക്കുന്ന മലയാളികൾ നെഞ്ചേറ്റിയ ഗാനത്തിന് ഇന്ന് ഏഴാം പിറന്നാൾ
‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ
പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ..
എന്തിത്ര സങ്കടം ചൊല്ലാമോ..’ വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ഈ ഗാനത്തിന് ഇന്ന് ഏഴാം പിറന്നാൾ.
മധു വാസുദേവന്റെ വരികൾ പിറന്ന ഈ മനോഹര ഗാനത്തിന് ഈണമൊരുക്കിയത് ഔസേപ്പച്ചനാണ്. ഇപ്പോഴിതാ സംഗീതത്തെ പ്രണയിക്കുന്ന മലയാളികൾ നെഞ്ചേറ്റിയ ഈ ഗാനത്തിന്റെ പിറവിയ്ക്ക് പിന്നിലെ മനോഹരമായ കഥ പങ്കുവയ്ക്കുകയാണ് ഗാനരചയിതാവ് മധു വാസുദേവൻ.
ഏഴു വർഷങ്ങൾക്കു പുറകിൽ ഇതുപോലൊരു ജൂലൈമാസം ഇരുപതാം തീയതിയാണ് ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ ഞാൻ എഴുതിയതും ഔസേപ്പച്ചൻ ഈണമിട്ടതും. അന്നാളുകളിൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന ഞാൻ ആ ഗാനത്തിലൂടെ സംഗീതത്തെ പ്രണയിക്കുന്ന മലയാളികളുടെ മനസിൽ കയറിക്കൂടാൻ ഒരു ചെറിയ ശ്രമം നടത്തി. വിജയിച്ചോ തോറ്റുപോയോ എന്നു തീരുമാനിക്കാൻ ഞാനാളല്ല. അതിലുപരി ഒരുപാടുപേർ ഇതേ ഗാനം പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കുന്നതായി മനസിലാക്കിയിട്ടുണ്ട്. ചിലരെങ്കിലും അതെഴുതിയ ദുർബല വിരലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീർച്ചയായും അവരോടെല്ലാം ഈ സന്ദർഭത്തിൽ നന്ദി പറയുന്നു. അവരുടെ സംഗീത മധുരമായ ഏകാന്തതകളിൽ കടന്നുചെല്ലാൻ അനുവാദം തന്നതിലും ഉൾത്തടങ്ങളിൽ ഒരു നേർത്ത അടയാളമിടാൻ സാധിച്ചതിലും.
Read also: അതിശയിപ്പിക്കുന്ന കാഴ്ചാനുഭവം; ദേ, ഇവയാണ് ലോകത്തിലെ വിചിത്രമായ ചില കെട്ടിടങ്ങള്
കാൽനൂറ്റാണ്ടു കാലത്തെ എഴുത്തുജീവിതത്തെ തലകീഴായി മറിച്ച സംഭവമായിരുന്നു സിനിമയിലേക്കുള്ള സഭാപ്രവേശം. മഹാരാജാസിലെ സംഗീതാധ്യാപിക പൂജാ ബാലസുബ്രഹ്മണ്യത്തെ ഉദ്ധരിച്ചു പറഞ്ഞാൽ, ‘ഭാഷാപോഷിണി’യിൽനിന്നു നേരേ ‘വെള്ളിനക്ഷത്ര’ത്തിൽ ! അതിനു പക്ഷേ ഗുണമുണ്ടായി. കൈപിടിച്ചുയർത്താൻ പോന്ന ഉദാരഹൃദയമുള്ള സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും കണ്ടുമുട്ടി. ഏറെ ഇഷ്ടപ്പെട്ടിരുന്ന ഗായകരും ഗായികമാരും സംഗീതസംവിധായകരും സുഹൃത്തുക്കളായി. ചില താരങ്ങളുടെയെങ്കിലും തോളിൽ തൊടാമെന്ന സ്ഥിതിയുണ്ടായി. ഇങ്ങനെ കൈവന്ന സാഹചര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുകവഴി സഹൃദയരുടെ ശ്രദ്ധയാകർഷിച്ച കുറേ പാട്ടുകൾ എഴുതാൻ ഭാഗ്യം സിദ്ധിച്ചു. ഔസേപ്പച്ചനും വൈക്കം വിജയലക്ഷ്മിക്കും എനിക്കും സംസ്ഥാന അവാർഡുകൾ നേടിത്തന്ന ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ അവയിൽ വേറിട്ടു നിൽക്കുന്നു.
സുരേഷ് ബാബു തിരക്കഥ എഴുതി, കമൽ സംവിധാനം നിർവഹിച്ച, അനിൽ അമ്പലക്കര നിർമിച്ച, ജയറാം പ്രധാന വേഷമിട്ട ‘നടനി’ലെ ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ ഒരു സർവകാല ഹിറ്റാണ്. ഈ ഗാനം യുട്യൂബിൽ വന്നപ്പോൾ രചയിതാവ് ഞാനായിരുന്നില്ല. അതിനുള്ള യാതൊരു തെളിവും വീഡിയോ തന്നില്ല. വിജയലക്ഷ്മി പാടുന്ന രംഗങ്ങൾ ചിത്രീകരിച്ച ദിവസം സ്റ്റുഡിയോയിൽ ഞാനും ഹാജരുണ്ടായിരുന്നു. എന്തുകൊണ്ടോ ക്യാമറ എനിക്കു നേരേ വന്നില്ല. നിർഭാഗ്യങ്ങൾ പിന്നെയുമുണ്ടായി. പാട്ടിലെ പല്ലവി മറ്റൊരാൾ എഴുതിയതായി ഒരു പത്രത്തിൽ കണ്ടു. ഞാൻ ഏറെ ബഹുമാനിക്കുന്ന പ്രിയപ്പെട്ട കവി ഉടൻതന്നെ അക്കാര്യം നിഷേധിച്ചു, സീസർക്കുള്ളത് സീസർക്കു തന്നു. എനിക്കറിയാം, ഈ സന്ദർഭം മനസ്സിലെ മുറിവുകളുടെ എണ്ണം എടുക്കാനുള്ളതല്ല. എല്ലാവരും സഹായിച്ചു, പിന്തുണച്ചു, അനുമോദിച്ചു. ഗാനം ജനപ്രിയമായി. പന്ത്രണ്ടോളം അവാർഡുകൾ ലഭിച്ചു. അനുബന്ധമായി ധാരാളം വേദികൾ കിട്ടി. ചാനലുകളിൽ ഭംഗിയില്ലാത്ത മുഖങ്ങൾക്കും പ്രവേശനംകിട്ടും എന്നു ബോധ്യമായി. ജീവനില്ലാത്ത വാക്കുകൾ കേൾക്കാൻ ചിലരെങ്കിലും ക്ഷമയോടെ അവരുടെ വിലപ്പെട്ട സമയം ചിലവിടും എന്നും മനസ്സിലായി.
ഓർമകൾ പുറകോട്ടു മറിയുന്നു. തൃശൂരിലെ ഹോട്ടൽ ജോയ്സ് പാലസിൽ ഞാൻ പാട്ടെഴുതാനിരിക്കുന്നു. സുരേഷും കമലും നൽകിയ നിർദേശങ്ങൾ മുന്നിൽ മിന്നിത്തെളിയുന്നുണ്ട്. അതിനു യോജിച്ച പല വരികളും ഉയർന്നുവരുന്നു. എല്ലാം മനസിൽ യഥാസമയം കുറിച്ചിട്ടു. സംഭ്രമങ്ങൾ തീർച്ചയായും ഉണ്ടായിരുന്നു. അതേ സിനിമയിലെ രണ്ടു പാട്ടുകൾ നേരത്തേ പൂർത്തിയാക്കി വച്ചതിനാൽ ഇത്തിരി ലാഘവത്വം വന്നിരുന്നു എന്നു മാത്രം. മുറിയിൽ മറ്റൊരു സിനിമയുടെ ജോലിയുമായി പലരും വന്നുപോകുന്നുണ്ട്. ഔസേപ്പച്ചനും തിരക്കിൽ. കൂടെക്കൂടെ ചോദിക്കുന്നു, ‘വല്ലതും നടക്കുവോ?’ ‘നടക്കും, നടക്കാതെവിടെ പോകാൻ!’ എന്നു കമൽ തിരിച്ചടിച്ചെങ്കിലും എനിക്കൊരു സമ്മർദവും തന്നില്ല. സിനിമയിൽ എത്തുന്നതിനും എത്രയോ മുമ്പേ ഞങ്ങൾ സുഹൃത്തുക്കളായവർ. കമൽ തുടരെ നൽകിയ പ്രോത്സാഹനത്തിനൊടുവിൽ പല്ലവി പൂർത്തിയായി. എന്നിട്ടും ഔസേപ്പച്ചൻ അതെടുത്തു നോക്കിയപ്പോൾ രാത്രി പതിനൊന്നു കഴിഞ്ഞു. ജീവിതത്തെ മാറ്റിവരച്ച ആ രാത്രിയെ ഞാൻ ഇപ്പോഴും കൃതാർഥതയോടെ ഓർക്കുന്നു.
മുറിയിൽ പൊതിയഴിക്കാത്ത നിലയിൽ ഒരു വലിയ പെട്ടി ഇരിപ്പുണ്ടായിരുന്നു. എല്ലാവരും മാറിക്കഴിഞ്ഞപ്പോൾ ഔസേപ്പച്ചൻ അതെടുത്തു തുറന്നു. ഒരു ഹർമോണിയം, മൊണ്ഡൽ ബ്രോസ്. പുതുമണം മാറിയിട്ടില്ല. മധുരപലഹാരം കണ്ട കുട്ടിയെപ്പോലെ ഔസേപ്പച്ചൻ അതിനെ കൊതിയോടെ നോക്കി. സൗകര്യമായ തരത്തിൽ മേശമേൽ പ്രതിഷ്ഠിച്ചു. വെറുതെ നാലു ബാർ വായിച്ചുനോക്കി. ബോധിച്ചതുപോലെ ഒന്നു മൂളി. ഞാനെഴുതിയ ഗാനം കമൽ ഔസേപ്പച്ചനെ കാണിച്ചു. വരികൾ ഓടിച്ചുവായിച്ചശേഷം നോട്ട്പാഡ് അദ്ദേഹം ഹർമോണിയത്തിനു മുകളിൽ വച്ചു. പതിവുള്ള സാഷേ വായിൽ കമഴ്ത്തി. പിന്നെയും വരികളിൽ നോക്കി ഇത്തിരിനേരം ചവച്ചു. അകത്തുപോയി തുപ്പിയിട്ടു തിരികേ വന്നു കസേരയിൽ നിവർന്നിരുന്നു. ഒരു കിലോമീറ്റർ നീളമുള്ള മൗനം. അടുത്ത നിമിഷം ഹർമോണിയക്കട്ടകളിൽ വിരലൊടിച്ചുകൊണ്ട് ഔസേപ്പച്ചൻ പതിഞ്ഞ സ്വരത്തിൽ പാടിത്തുടങ്ങി, ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ നിന്റെ പട്ടുപോലുള്ള ഈ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ?’
അഗസ്ത്യമുനി സമുദ്രത്തെ ആചമിച്ചമാതിരി ലോകത്തിലെ മുഴുവൻ സംഗീതവും കേട്ടിട്ടുണ്ട് എന്നുള്ള വ്യർഥഗർവിന്റെ മഹാന്ധകാരത്തിൽ പുഴുവിനെപ്പോലെ നുരച്ചുകിടന്ന ഞാൻ വിസ്മയിച്ചുപോയി, എന്തൊരു സംഗീതം. എന്തൊരു ഭാവസാന്ദ്രത! രാഗം ഏകദേശം മനസിലായി ആരഭിയാണ്. പക്ഷേ ഞാൻ കേട്ടിട്ടുള്ള ആരഭികൾ ഇങ്ങനെയല്ല. സൈദ്ധാന്തികമായും സർഗാത്മകമായും ഇതിനേക്കാൾ ഉദാത്തമായ ആരഭികൾ വേറെയുണ്ട്. പക്ഷേ പറയാതെ വയ്യ, ഈ ആരഭിയുടെ ആർദ്രത തനിയേ നിൽക്കുന്നു. അനുഭവിക്കാൻ മാത്രം കഴിയുന്ന, ഒരു മാത്രപോലും പങ്കിട്ടു കൊടുക്കാനാകാത്ത ആനന്ദം മനസ്സിൽ തുളുമ്പി. അമ്മേ, ഞാൻ അടയാളപ്പെടുത്താൻ പോകുന്നു അജ്ഞാതരായ ആരുടെയൊക്കെയോ ഹൃദയങ്ങളിൽ. പെട്ടെന്നു ഞാൻ മൊബൈലിൽ സമയം നോക്കി. കൃത്യം പന്ത്രണ്ടു മണി. അടുത്ത നിമിഷംമുതൽ മറ്റൊരു ദിവസം തുടങ്ങുകയായി. അതിനോടൊപ്പം എന്റെ എളിയ കലാജീവിതവും പ്രകാശവലയം ചൂടിയ മറ്റൊരു പ്രഭാതലേക്കു കണ്ണുകൾ തുറന്നു.
വലിപ്പത്തിൽ കുങ്കുമംതൊട്ട്, വാടാമല്ലി നിറമുള്ള ഉടുപ്പുമിട്ട് വൈക്കം വിജയലക്ഷ്മി ‘ചേതന’യിലേക്കു കടന്നുവന്നപ്പോൾ ഞാൻ സൗണ്ട് എൻജിനീയർ സജിയുമായി സംസാരിക്കുകയായിരുന്നു. അപരിചിത്വം ഒട്ടുമുണ്ടായില്ല, വിജിയെ നേരത്തേ അറിയും. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ അവരുടെ ഗായത്രീ വീണാവാദനം കേൾക്കാൻ തിക്കിത്തിരക്കിയവരുടെ നടുവിൽ ഞാനും ഒരാളായിരുന്നല്ലോ.
റിക്കോഡിങ് റൂമിൽ കയറുന്നതിനു മുമ്പായി കമലും ഔസേപ്പച്ചനും ചില ചെറിയ നിർദേശങ്ങൾകൂടി അവർക്കു നൽകി. കാഴ്ചയുടെ പരിമിതികൾ കാരണം പാടാൻ വേണ്ടി വിജി നിലത്തിരുന്നു. കയ്യിൽ ഗായത്രീ വീണയും എടുത്തിരുന്നു. ഞങ്ങൾ കൺസോളിൽ ഇരുന്നു. ശ്രുതി ഒന്നു ശ്രദ്ധിച്ചശേഷം പാട്ടിനു തുടക്കമെന്നോണം അവർ ഒരു ആലാപനമിട്ടു. അതങ്ങേയറ്റം വികാരഭരിതമായിരുന്നു. ഒറ്റക്കേൾവിയിൽ തന്നെ ഹൃദയങ്ങൾ ഉരുകിയലിഞ്ഞു. എന്നിലെ രംഗബോധമില്ലാത്ത നിരൂപക കോമാളിയാകട്ടെ ഉടനേ ആ ശബ്ദത്തിന്റെ സമാനതകൾ അന്വേഷിച്ചുപോയി.
‘ ജാസ് മ്യൂസിക്കിലെ റാണി, എല്ലാ ജെയ്ൻ ഫിറ്റ്സ് ജെറാൾഡ് ‘ എന്നുറപ്പിച്ചുകഴിഞ്ഞേ അവനു സമാധാനമായുള്ളൂ. വേണ്ട, ഇങ്ങനെ വേണ്ട ! കടുത്ത ശാസന കൊടുത്തതോടെ ഉള്ളിലെ കലാനിരൂപകൻ ഒന്നടങ്ങി. വീണ്ടും വിജിയുടെ പാട്ടിലേക്കു ശ്രദ്ധിച്ചു.
മുന്നിൽ ഇപ്പോൾ ഒരു പുലമാടം തെളിയുന്നു. കോരിച്ചൊരിയുന്ന മഴ. ചുറ്റിലെ ഇരുട്ടിനോടു യാചിക്കുന്ന മണ്ണെണ്ണ വിളക്ക്. ഓലകെട്ടിയ ചുവരിൽ തുലാക്കാറ്റ് യാതൊരു ദയവുമില്ലാതെ പ്രഹരിക്കുന്നുണ്ട്. അതുനുള്ളിൽ ഭയന്നു വിറച്ചു നിൽക്കുന്ന നിരാലംബയായ പെൺകുട്ടി. അവളുടെ കണ്ണുകളിലെ മഷി പടർന്നിരിക്കുന്നു. പക്ഷേ, ഉള്ളിലെ പ്രതീക്ഷകൾ കൊഴിഞ്ഞിട്ടില്ല. അക്കരയിലേക്കുപോയ തോണി ഇക്കരെ വരുമ്പോൾ ജീവിതത്തിലെ വറുതികൾ എന്നേക്കുമായി ഇല്ലാതാവും എന്നവൾ വിശ്വസിക്കുന്നു.
കല്പനകളുടെ ലോകത്തിനിന്നും റിക്കോഡിങ് റൂമിലെ യാഥാർഥ്യത്തിലേക്കു ഞാൻ തിരികെ വന്നു. ഒരിക്കലും അവസാനിക്കരുതേ ദൈവമേ എന്ന പ്രാർഥനയുടെ നടുവിൽ വിജി ചരണം പാടിനിർത്തുന്നു. എല്ലാവരും ചലനമറ്റനിലയിൽ അതാതിടങ്ങളിൽ അവശേഷിച്ചു. വീണ മുന്നിലേക്കു നീക്കിവച്ചശേഷം ഒരു ചെറിയ ചിരിയോടെ വിജി എഴുന്നേറ്റു. അച്ഛന്റെ കയ്യിൽ പിടിച്ചുകൊണ്ട് സാവധാനം പുറത്തുവന്നു. കമൽ നിറഞ്ഞ വാൽസല്യത്തോടെ അവളെ ചേർത്തുപിടിച്ചു. ഔസേപ്പച്ചൻ അഭിനനന്ദനങ്ങളുടെ മഴ ചൊരിഞ്ഞു. ഞാൻ വിജിയുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. എന്നും ഇരുട്ടിനെ മാത്രം കാണാൻ വിധിക്കപ്പെട്ട അവളുടെ കണ്ണുകളുടെ കോണിൽ ഒരുനനുത്ത നീർക്കണം പൊടിഞ്ഞു നിൽക്കുന്നതായി എനിക്കുതോന്നി. ആ തോന്നൽ വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും ഉള്ളിൽ മായാതെ നിൽക്കുന്നു.
Story Highlights: madhu vasudevan writes the memories of ottaykku paadunna poonkuyile