വീട്ടിലിരുന്ന് എഴുതാം ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്സ് ടെസ്റ്റ്
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്നുള്ള ജോലിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടിയുള്ള ലേണേഴ്സ് ടെസ്റ്റും ഓണ്‍ലൈന്‍ ആക്കുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലേണേഴ്സ് ടെസ്റ്റാണ് പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്. ഡ്രൈവിങ് ടെസ്റ്റിനുള്ള സാരഥി ആപ്ലിക്കേഷനില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ പരീക്ഷ ഓണ്‍ലൈനില്‍ ആരംഭിക്കും. കംപ്യൂട്ടറിലോ അല്ലെങ്കില്‍ സ്മാര്‍ട് ഫോണിലോ ഇത്തരത്തില്‍ ഓണ്‍ലൈനായി ലേണേഴ്സ് ടെസ്റ്റ് എഴുതാം.
50 ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കായി നല്‍കുക. അരമണിക്കൂര്‍ സമയവും അനുവദിക്കും. ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരീക്ഷ സൈറ്റില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ യൂസെര്നെയിമും പാസ്-വേഡും നല്‍കും. നാല് ലക്ഷത്തോളം അപേക്ഷകള്‍ നിലവില്‍ പരിഗണനയിലുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഓഫീസുകളിലിരുന്ന ടെസ്റ്റ് നടത്തുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇത്തരത്തില്‍ ഓണ്‍ലൈനായി ലേണേഴ്സ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്.
Story highlights: Motor Vehicle Department Conduct Online Driving Licence Learners Test