അജ്മലിനെയും മുഷീറിനെയും ഓര്‍മയില്ലേ.. നിരത്തിലെ ഈ കരുതലിന് നമുക്ക് നല്‍കാം.. ഒരു വലിയ നന്ദി

December 7, 2023

എത്ര ചെറുതാണെങ്കിലും റോഡുകളിലെ കരുതലുകള്‍ക്ക് ജീവന്റെ വിലയാണെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ്. അതുകൊണ്ടുതന്നെ അത്തരം പ്രശംസനീയമായ കാര്യങ്ങള്‍ക്ക് നന്ദി അറിയിക്കുക എന്നത് ഒരോ പൗരന്റെയും കടമയാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന വളാഞ്ചേരി കൊപ്പം റോഡിലേക്ക് ഇറങ്ങിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് വീട്ടിലെത്തിക്കുന്ന കാര്‍ യാത്രക്കാരുടെ സിസിടിവി ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു. ( Motor Vehicle Department Facebook post )

ഈയൊരു പ്രശംസനീയമായ സംഭവം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ആ ചെറുപ്പക്കാരെ കണ്ടെത്തുന്നതിനും അവരോട് നന്ദി അറിയിക്കുന്നതിനമായി വീട്ടുകാര്‍ തന്നെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയേയുടെ സഹായത്തോടെ മലപ്പുറം പൊന്നാനി സ്വദേശികളായ അജ്മലും മുഷീറുദ്ദിനുമാണ് ആ നല്ല മനസിന്റെ ഉടമകള്‍ എന്ന് സമുഹം തിരിച്ചറിഞ്ഞു.

കുട്ടിയെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് ഉയര്‍ത്തിയതിന്് നന്ദി പറയേണ്ടത് വീട്ടുകാരുടെ മാത്രം കടമയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ..? നമ്മള്‍ ഓരോരുത്തരും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും ഇത്തരത്തിലുള്ള ഡ്രൈവര്‍മാരെയാണ് നമ്മുടെ നിരത്തുകള്‍ക്ക് ആവശ്യമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നന്ദി പറയാനുള്ള ഒരു മനസ്സുണ്ടെങ്കില്‍ നമുക്ക് നമ്മുടെ നിരത്തുകളെ സമാധാനമുള്ള ഒരിടമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിരത്തിലെ കരുതലുകൾ അതെത്ര ചെറുതാണെങ്കിലും അതിന് ജീവൻ്റെ വിലയാണ്. അതുകൊണ്ട് തന്നെ അവയോട് നന്ദി കാണിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. വളാഞ്ചേരി കൊപ്പം റോഡിൽ വച്ച് നടന്ന ഈ സംഭവം പൊതു സമൂഹത്തിൻ്റെ മുന്നിലേക്ക് എത്തിക്കുവാനും , അവരെ കണ്ടെത്തുവാനും, തങ്ങളുടെ അഗാധമായ നന്ദി അറിയിക്കുന്നതിനും വേണ്ടിയാണ് ഈ CCTV ദൃശ്യങ്ങൾ വീട്ടുകാർ തന്നെ പുറത്ത് വിട്ടത്. അതുവഴി പൊന്നാനിക്കാരായ മുഹമ്മദ് അജ്മലും , മുഷീറുദീനും ആണ് ആ നല്ല മനസ്സിന് ഉടമകൾ എന്ന് പുറം ലോകം തിരിച്ചറിഞ്ഞു. അവരോട് നന്ദി പറയേണ്ടത് വീട്ടുകാരുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്നുണ്ടോ? നമ്മൾ ഓരോരുത്തരും അവരോട് കടപ്പെട്ടിരിക്കുന്നു. ഇത്തരം ഡ്രൈവർമാരാണ് നമ്മുടെ നിരത്തുകൾക്ക് ഇന്നാവശ്യം. അതുകൊണ്ടു തന്നെ നമ്മൾ അറിയിക്കുന്ന ഓരോ നന്ദി വാക്കുകളും, ഇത്തരം നന്മകൾ കൂടുതൽ ചെയ്യാൻ അവർക്കും , ഇത് കാണുന്ന മറ്റുള്ളവർക്കും പ്രചോദനമാണ്.

നന്ദി പറയാനുള്ള ഒരു മനസ്സുണ്ടെങ്കിൽ നമുക്ക് നമ്മുടെ നിരത്തുകളെ സമാധാനമുള്ള ഒരിടമാക്കി മാറ്റാൻ സാധിക്കും. നിരത്തിൽ നമുക്ക് ലഭിക്കുന്ന കരുതലുകൾ അതെത്ര ചെറുതാണെങ്കിലും, അവരോട് നന്ദി പറയുന്നത് ഒരു ശീലമാക്കുക. അത് ഒരു പുഞ്ചിരി കൊണ്ടാണെങ്കിലും.. കൈ കൊണ്ടുള്ള ആംഗ്യ രൂപേണ ആണെങ്കിലും..

Read Also : അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം; പതിയിരിക്കുന്നത് വലിയ അപകടങ്ങള്‍

നിയമത്തിൻ്റെ അടിച്ചേൽപ്പിക്കലുകൾ ഇല്ലാത്ത, തികച്ചും മാനുഷികമായ ഇത്തരം സഹായ സഹകരണങ്ങളിലൂടെ , നിരത്തുകളിലെ പരസ്പര സഹകരണം വർദ്ധിപ്പിക്കുക, അതുവഴി നല്ലൊരു റോഡ് സംസ്കാരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരള മോട്ടോർ വാഹന വകുപ്പ് കൊച്ചിൻ ഷിപ് യാർഡിൻ്റെ സഹകരണത്തോടെ ലോഞ്ച് ചെയ്ത കാമ്പയിൻ പ്രോഗ്രാം ആണ് “TSP campaign” അഥവാ Thanks-Sorry-Please കാമ്പയിൻ എന്നത്. നിരത്തുകളിൽ ഒരു TSP CULTURE രൂപപ്പെടുത്തുക എന്നതാണ് കാമ്പയിൻ മുന്നോട്ട് വെക്കുന്ന ആശയം. ഇതിൻ്റെ ഭാഗമായി ശ്രീ മുഹമ്മദ് അജ്മലിനെയും, ശ്രീ മുഷീറുദീനെയും കാമ്പയിൻ ടീ ഷർട്ടുകൾ നൽകി മലപ്പുറം എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ആദരിച്ചു.

Story Highlights : Motor Vehicle Department Facebook post