‘ഇരുമെയ്യാണെങ്കിലും, കാലന്റെ കയറാണീ ടയറുകൾ’; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

March 5, 2024

സാധാരണക്കാരന്റെ സ്വകാര്യ യാത്രയ്ക്ക് ഏറ്റവും കൂടുതല്‍ യോജിച്ചതാണ് ഇരുചക്രവഹനങ്ങള്‍. അതുകൊണ്ടുതന്ന നമ്മുടെ നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ഈ ഇരുചക്രവാഹനങ്ങള്‍ തന്നെയാണ്. എന്നാല്‍ യാത്രക്കാര്‍ക്ക് യാതൊരുവിധ സുരക്ഷയും ഇല്ലാത്ത ഏറ്റവും കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണവുമായിട്ടുള്ള വാഹനങ്ങളും ഇരുചക്രവാഹനങ്ങളാണ്. മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്താണ് ഡ്രൈവറും സഹയാത്രികരും സഞ്ചരിക്കുന്നത് എന്നത് ഇരുചക്ര വാഹനത്തിലെ യാത്ര കൂടുതല്‍ അപകടകരമാക്കുന്നത്. ( Motor vehicle department warns two wheeler passengers )

നമുക്ക് ചുറ്റും സംഭവിക്കുന്ന ഒട്ടുമിക്ക അപകടങ്ങളിലും ഇരുചക്ര വാഹനം ഉള്‍പ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം അപകടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുണ്ടാവുക. അതിനാല്‍ പൊതുസമൂഹം, പ്രത്യേകിച്ചും യുവാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ഇരുമെയ്യാണെങ്കിലും, ഇരുചക്രവാഹനങ്ങള്‍ നമ്മുടെ പരിമിതറോഡ് ഗതാഗത സൗകര്യങ്ങളില്‍ സ്വകാര്യയാത്രകള്‍ക്കു ഏറ്റവും യോജിച്ച വാഹനങ്ങളാണ്. ലക്ഷ്യസ്ഥാനത്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എത്താന്‍ സഹായിക്കുന്ന ഒരു ഇരു’കാലി’വാഹനവുമാണ്. നിര്‍ഭാഗ്യവശാല്‍ നാമിഷ്ടപ്പെടാത്ത ഒരു ലോകത്തേയ്ക്ക് നമ്മെ ഏറ്റവും എളുപ്പത്തില്‍ എത്തിയ്ക്കുന്ന ‘കാല’ചക്രങ്ങള്‍ (കാലന്റെ ചക്രങ്ങള്‍) കൂടിയാണ് ഈ ഇരുചക്ര വാഹനങ്ങള്‍ എന്നതാണ് അനുഭവവും യാഥാര്‍ത്ഥ്യവും.

ഇതുവരെ കേരളത്തില്‍ 1.73 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 1.23 കോടി അഥവാ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. യാത്രക്കാര്‍ക്ക് യാതൊരുവിധ പരിരക്ഷയും ഇല്ലാത്ത ഏറ്റവും കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണവുമായിട്ടുള്ള വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍. മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്താണ് ഡ്രൈവറും സഹയാത്രികരും യാത്ര ചെയ്യുന്നത് എന്നത് ഇരുചക്ര വാഹനയാത്ര കൂടുതല്‍ ഗുരുതരസ്വഭാവമുള്ളതാക്കുന്നത്.

ഏറെ പരിമിതികളുള്ള, അതേസമയം അതീവ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ക്കൂടി ഒരു ഇരുചക്രവാഹനവും അപകടമുക്തമല്ല. ഇന്ന് നമ്മുടെ നിരത്തുകളിലെ ഏതൊരപകടത്തിലും ഒരു വശത്ത് തീര്‍ച്ചയായും ഒരു ഇരുചക്രവാഹനം ആണ് എന്നതാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. മഹാഭൂരിപക്ഷം അപകടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുണ്ടാവുക. വലുതോ ചെറുതോ ആയിക്കോട്ടെ ഓരോ ഇരുചക്രവാഹന അപകടങ്ങളിലും ഒരു മരണം ഉറപ്പായും പ്രതീക്ഷിക്കണം…..!

Read Also : തുടക്കം 1000 രൂപ മുതൽ മുടക്കിൽ, ഇന്ന് മാസം 4.5 കോടി വിറ്റുവരവ്; രാമേശ്വരം കഫേയുടെ വിജയരഹസ്യം ഇത്..!

നിര്‍ഭാഗ്യവശാല്‍, ഇത്തരം വസ്തുതകള്‍ പൊതുസമൂഹം, പ്രത്യേകിച്ചും യുവാക്കള്‍ അത്ര ഗൗരവമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ‘ഇരുമെയ്യാണെങ്കിലും’ എന്ന ഈ സംവേദനപരമ്പര, വാഹനങ്ങളുടെ പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടെ സാങ്കേതിക പരിമിതികള്‍, പരിശീലനത്തിലെ അപര്യാപ്തതകള്‍, കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴകള്‍, അപകടത്തിനുള്ള അനന്തസാദ്ധ്യതകള്‍, സുരക്ഷ ഉറപ്പാക്കാതെയുള്ള ശീലങ്ങള്‍, സുരക്ഷാ ഉപാധികളുടെ പരിമിതികള്‍, ബന്ധപ്പെട്ട നിയമങ്ങള്‍, ചട്ടങ്ങള്‍ നിയന്ത്രണങ്ങള്‍ ഒക്കെ പൊതുസമക്ഷം സംവദിയ്ക്കുന്നതിനായിക്കൂടിയാണ്.

നിങ്ങളുടെ നിരീക്ഷണങ്ങളും അനുഭവങ്ങളും കമന്റ് ബോക്‌സിലൂടെ പങ്കുവയ്ക്കാവുന്നതുമാണ്. ഇന്നത്തെ ചിന്താവിഷയം; ‘കാലന്റെ കയറാണീ ടയറുകള്‍’.

Story highlights : Motor vehicle department warns two wheeler passengers