കൊവിഡ് പ്രതിരോധം: ഉപയോഗിച്ച മാസ്‌കും ഗ്ലൗസും എന്തു ചെയ്യണം…

July 24, 2020
New guidelines for disposing used mask and other covid 19 wastes

കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നമ്മുടെ സമൂഹം. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. അതുകൊണ്ടുതന്നെ കരുതലാണ് നമ്മുടെ കരുത്ത് എന്ന് ഓര്‍മ്മിക്കുക. വ്യക്തി ശുചിത്വവും സാമൂഹിക അകലവും മാസ്‌കും ഒക്കെയാണ് കൊവിഡിനെ പ്രതിരോധനിക്കാനുള്ള മാര്‍ഗങ്ങള്‍. സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയുമെല്ലാം നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് എല്ലാവരും മാസ്‌ക് ധരിക്കുന്നു. എന്നാല്‍ ഉപയോഗ ശേഷം ഈ മാസ്‌ക് എന്തു ചെയ്യും… ഇങ്ങനെ ഒരു ചോദ്യത്തിന് പലര്‍ക്കും ഉത്തരമില്ല. മാത്രമല്ല വഴിയരികലും മറ്റും ഉപയോഗ ശേഷം വലിച്ചെറിയപ്പെട്ട ഡിസ്‌പോസിബിള്‍ മാസ്‌ക്കുകളും ഗ്ലൗസുകളുമൊക്കെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

ഡിസ്‌പോസിബിള്‍ മാസ്‌ക്കുകളും ഗ്ലൗസുകളും ഉപയോഗ ശേഷം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ഡ്രോള്‍ ബോര്‍ഡ് (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്). പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്‌ക്ക്, ഗ്ലാസ്, പിപിഇ കിറ്റ് തുടങ്ങിയവയും കൊവിഡ് രോഗികള്‍ ഉപയോഗിച്ച മറ്റ് സാധനങ്ങളും എങ്ങനെ സംസ്‌കരിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

ഡിസ്‌പോസിബിള്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കുന്ന പൊതുജനങ്ങള്‍ ഉപയോഗ ശേഷം അവ 72 മണിക്കൂര്‍ നേരം പേപ്പര്‍ ബാഗില്‍ സുരക്ഷിതമായി സൂക്ഷിക്കണം. ശേഷം കഷ്ണങ്ങളായി മുറിച്ച് ഇവ കളയാം. പൊതു സ്ഥലങ്ങളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുക. മാളുകള്‍ പോലെയുള്ള വ്യാപാര കേന്ദ്രങ്ങളില്‍ മാസ്‌ക്കിനും ഗ്ലൗസിനും പുറമെ പിപിഇ കിറ്റ് ധരിക്കുന്നവരും ഉണ്ട്. ഇവര്‍ ഉപയോഗ ശേഷം പിപിഇ കിറ്റ് മൂന്ന് ദിവസം പ്രത്യേക ബിന്നില്‍ സൂക്ഷിക്കണം. അതിനു ശേഷം കഷ്ണങ്ങളായി മുറിച്ച് കളയാം. ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ഉപയോഗ ശേഷം മാസ്‌ക്കും ഗ്ലൗസും പിപിഇ കിറ്റുമെല്ലാം കഷ്ണങ്ങളായി മുറിച്ച് കളയണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതുപോലെ കൊവിഡ് രോഗികള്‍ ഉപയോഗിച്ച ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം, കുപ്പികള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ എന്നിവയെല്ലാം മഞ്ഞ നിറത്തിലുള്ള കവറിലാക്കി വേണം വേസ്റ്റ് ശേഖരിക്കുന്നവര്‍ക്ക് കൈമാറാന്‍. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം നിലവില്‍ മഞ്ഞ കവര്‍ ഉപയോഗിക്കുന്നത് കൊവിഡ് രോഗികള്‍ ഉപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനാണ്. മറ്റ് വേസ്റ്റുകള്‍ സൂക്ഷിക്കാനായി മഞ്ഞ നിറമുള്ള കവര്‍ ഉപയോഗിക്കരുത് എന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Story highlights: New guidelines for disposing used mask and other covid 19 wastes