‘ചെലോത് റെഡി ആകും ചെലോത് റെഡി ആകൂല…. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ…;’ ഇവനേക്കാള്‍ മികച്ചൊരു മോട്ടിവേറ്റര്‍ വേറെയില്ലെന്ന് സോഷ്യല്‍ മീഡിയ

July 26, 2020
Paper Craft Viral Video of a little boy

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ഒരു കുരുന്ന് ബാലന്റെ വീഡിയോയാണ്. കടലാസ് കൊണ്ട് ഒരു പൂവ് ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ഈ മിടുക്കന്‍. മുഹമ്മദ് ഫായിസ് കെ ടി എന്നാണ് ഈ മിടുക്കന്റെ പേര്.

കടലാസുകൊണ്ട് പൂവ് എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി പറഞ്ഞുതരികയാണ് മുഹമ്മദ് ഫായിസ്. നിഷ്‌കളങ്ക നിറഞ്ഞ സംസാര ശൈലിയും രസകരമാണ്. പൂവ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി കടലാസ് കൃത്യമായി മടക്കി കത്രിക ഉപയോഗിച്ച് മുറിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

എന്നാല്‍ ഏറ്റവും ഒടുവില്‍ പൂവ് ശരിയാകാതെ കടലാസ് രണ്ട് കഷ്ണമായി പോയി. എന്നാല്‍ പരിശ്രമം വിജയിക്കാതെ പോയപ്പോള്‍ ഈ മിടുക്കന്‍ തെല്ലും നിരാശനായില്ല. മാത്രമല്ല ‘.ചെലോത് റെഡി ആകും ചെലോത് റെഡി ആകൂല…. റെഡി ആയിയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ..’ എന്ന ഡയലോഗും.

എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ വീഡിയോ. ഇവനേക്കാള്‍ മികച്ചൊരു ‘മോട്ടിവേറ്റര്‍ വേറെയില്ല’ എന്നാണ് മിക്കവരും നല്‍കുന്ന കമന്റ്. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വരുമ്പോഴേക്കും തളര്‍ന്നു പോകുന്നവര്‍ക്ക് വലിയ കരുത്താണ് ഈ കൊച്ചുമിടുക്കന്റെ വാക്കുകള്‍ നല്‍കുന്നത്.

Story highlights: Paper Craft Viral Video of a little boy