സുശാന്ത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി സച്ചിൻ തിവാരി
സിനിമാലോകത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ മരണമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തിന്റേത്. ലോക്ക് ഡൗൺ സമയത്ത് ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തെ തുടർന്ന് ഒട്ടേറെ ചർച്ചകളും വിവാദവും ബോളിവുഡ് സിനിമാരംഗത്തെ ഉലച്ചിരുന്നു. ഇപ്പോൾ സുശാന്ത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
വിജയ് ശേഖർ ഗുപ്തയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സച്ചിൻ തിവാരിയാണ് സുശാന്തിന്റെ വേഷത്തിൽ എത്തുന്നത്. ടിക് ടോക് വീഡിയോകളിലൂടെയാണ് സച്ചിൻ തിവാരി ശ്രദ്ധേയനായത്. മാത്രമല്ല, സുശാന്തുമായി വളരെയധികം മുഖ സാദൃശ്യവുമുണ്ട്.
‘സൂയിസൈഡ് ഓർ മർഡർ; എ സ്റ്റാർ വാസ് ലോസ്റ്റ്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിജയ് ശേഖർ ഗുപ്ത തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്.
ബീഹാറിലെ പട്നയിൽ ജനിച്ച സുശാന്തിനെ, ജൂൺ പതിനാലിന് മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ചലച്ചിത്ര നടൻ, ടെലിവിഷൻ താരം, സംരംഭകൻ, സാമൂഹിക പ്രവർത്തകൻ എന്ന നിലയിലൊക്കെ ശ്രദ്ധേയനായിരുന്നു സുശാന്ത്. ടെലിവിഷൻ സീരിയലുകളിലൂടെ തുടക്കം കുറിച്ച സുശാന്ത് ‘കായി പോ ചെ’ എന്ന സിനിമയിലൂടെ 2013ലാണ് ബോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും സുശാന്തിന് ലഭിച്ചു.
2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി:ദി അൺടോൾഡ് സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ ധോണിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് സുശാന്ത് ശ്രദ്ധേയനായത്.
കേരളത്തിൽ പ്രളയം ദുരിതം വിതറിയപ്പോൾ ഒരുകോടി രൂപ സംഭാവന നൽകിയാണ് സുശാന്ത് മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പൂർത്തിയാക്കിയ സുശാന്ത് ഭൗതികശാസ്ത്രത്തിലെ ഒരു ദേശീയ ഒളിമ്പ്യാഡ് ജേതാവായിരുന്നു. അഭിനയത്തിന് പുറമെ യുവ വിദ്യാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു.
Read More: ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് മഞ്ഞ നിറവും, പിങ്ക് കണ്ണുകളുമുള്ള ആമ- അപൂർവ വീഡിയോ
ചന്ദ്രനിൽ സ്ഥലം വാങ്ങിയ നടനെന്ന പേരിലും സുശാന്ത് അറിയപ്പെട്ടിരുന്നു. സുശാന്തിന്റെ മരണശേഷം നെപ്പോട്ടിസത്തെ സംബന്ധിച്ച് വലിയ ചർച്ചകൾ ബോളിവുഡിൽ ഉയർന്നിരുന്നു. സുശാന്ത് അവസാനമായി അഭിനയിച്ച ‘ദിൽ ബേചാരെ’ ജൂലൈ 24ന് ഓ ടി ടി പ്ലാറ്റ്ഫോമിൽ സൗജന്യമായി പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
Story highlights-sachin tiwari to play lead in film based on susanth sing’s life