ഇടിമിന്നലിനും കൊടുങ്കാറ്റിനും ഇത്ര ഭംഗിയുണ്ടെന്ന് ആരറിഞ്ഞു?- അമ്പരപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളിലൂടെ ശ്രദ്ധേയനായൊരു ഫോട്ടോഗ്രാഫർ
കാലാവസ്ഥ മനുഷ്യന്റെ പ്രവചനങ്ങൾക്കും അപ്പുറമാണ്. ശാന്തമാകാനും ഉഗ്രരൂപത്തിലാകാനും നിമിഷങ്ങൾ മതി. കനത്ത മഴയ്ക്കും, കൊടും വെയിലിനും ചിലപ്പോഴൊക്കെ ഭംഗി തോന്നാറുള്ളതും കാലാവസ്ഥയുടെ പ്രത്യേകതയാണ്. എന്നാൽ എപ്പോഴെങ്കിലും നിങ്ങൾ ഇടിമിന്നൽ ആസ്വദിച്ചിട്ടുണ്ടോ? ഇല്ലെന്ന് തന്നെയാവും ഉത്തരം. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള, പ്രകമ്പനം കൊള്ളിക്കുന്ന, ജീവൻ പോലും അപകടത്തിലാക്കുന്ന മിന്നലിനെ എങ്ങനെ ആസ്വദിക്കും.
എന്നാൽ ഇടിമിന്നലിന്റെയും കൊടുങ്കാറ്റിന്റെയും അത്ഭുതകരമായ പ്രകൃതി ദൃശ്യങ്ങളിലൂടെ പ്രസിദ്ധനായ ഒരു ഫോട്ടോഗ്രാഫറുണ്ട്. ടെക്സാസിൽ നിന്നുള്ള ഫോട്ടോഗ്രാഫർ ആദം കെയ്ൽ ജാക്സൺ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കിയതിലൂടെയാണ് ശ്രദ്ധേയനായത്.
ആദം കെയ്ൽ ജാക്സന്റെ പോർട്ട്ഫോളിയോയിൽ നിറഞ്ഞിരിക്കുന്നത് ഭീകരമായ മിന്നലാക്രമണത്തിന്റെയും നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിന്റെയും ദൃശ്യങ്ങളാണ്. മേഘങ്ങളുടെ അമ്പരപ്പിക്കുന്ന രൂപവും ഇതിൽ ഉൾപ്പെടുന്നു.
ഫോട്ടോഗ്രാഫിയിൽ വേറിട്ടൊരു പാത തിരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹത്തിന്റെ നാട് തന്നെയാണ്. പടിഞ്ഞാറൻ ടെക്സാസിൽ എല്ലാ വസന്തകാലത്തും വേനൽക്കാലത്തും ശക്തമായ ഇടിമിന്നലിന് സാക്ഷ്യം വഹിച്ച അദ്ദേഹം പൊതുവെ കാലാവസ്ഥയോട് ഒരു പ്രത്യേക അടുപ്പം നിലനിർത്തി.
പത്തുവർഷങ്ങളായി അദ്ദേഹം കൊടുങ്കാറ്റിനും മിന്നലിനും പിന്നാലെയാണ്. ചെറുപ്പത്തിൽ ഇവയുടെ അപകട സാധ്യതയെ കുറിച്ചൊന്നും അറിയിലല്ലായിരുന്നുവെന്നും ആദം കെയ്ൽ പറയുന്നു. പലപ്പോഴും അപകടങ്ങളെ മുഖാമുഖം കാണുകയും ചെയ്തു.
സ്കൈവാൺ സ്പോട്ടർ പരിശീലനം പൂർത്തിയാക്കി സ്പോട്ടർ നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് ആദം കെയ്ൽ. അതുകൊണ്ട് തന്നെ മിന്നലാക്രമണത്തിൽ നിന്നും തീവ്രമായ കാലാവസ്ഥയിൽ നിന്നും രക്ഷനേടാനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു ഫോട്ടോയ്ക്ക് വേണ്ടി ഒരാളുടെയും ജീവൻ അപകടത്തിലാക്കരുതെന്നാണ് അദ്ദേഹത്തിന് പറയാനുള്ളതും.
Story highlights- Storm-chasing photographer Adam Kyle Jackson