‘ജീവാംശമായ് താനേ..’ സംഗീതാസ്വാദകർ നെഞ്ചേറ്റിയ ഗാനം ഈസിയായി പഠിച്ചെടുക്കുന്ന ശ്രേയ ഘോഷാൽ, റെക്കോർഡിങ് വീഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

ഹൃദയം തൊടുന്ന സംഗീതംകൊണ്ടും അതിശയപ്പിക്കുന്ന ആലാപനമികവുകൊണ്ടും സംഗീതാസ്വാദകർ നെഞ്ചേറ്റിയതാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ് താനേ..’ എന്ന ഗാനം. ഇപ്പോഴിതാ ജീവാംശമായ് ഗാനത്തെക്കുറിച്ച് പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഈ ഗാനത്തിന് ഈണം പകര്‍ന്ന കൈലാസ് മേനോന്‍.
ശ്രേയ ഘോഷാലിന്റെ ആലാപനം തന്നെയാണ് ഈ ഗാനത്തിന് ഇത്രയധികം പ്രേക്ഷക സ്വീകാര്യത നൽകിയതും. മലയാളം അനായാസം വഴങ്ങുന്ന ശ്രേയ വെറും മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഗാനം പഠിച്ച് പാടിയത്. ഗാനം ആലപിക്കുന്നതിനായി ശ്രേയ മുംബൈയിലുള്ള കൈലാഷ് ഖേറിന്റെ സ്റ്റുഡിയോയിൽ എത്തിയപ്പോൾ മുതലുള്ള ദൃശ്യങ്ങൾ പകർത്തിയ വീഡിയോയാണ് കൈലാസ് മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
2018 ൽ പുറത്തിറങ്ങിയ ‘തീവണ്ടി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രം റിലീസ് ആകുന്നതിനു മുമ്പേ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധാനം. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടൊവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തയത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചെയിന്‍ സ്‌മോക്കറായ ടൊവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’.
Story Highlights:Theevandi song jeevamshamay singing shreya ghoshal recording video