ഒരേ സിനിമയിൽ ബാലതാരമായും നായികയായും അഭിനയിച്ച കാവേരി; അപൂർവ്വ ഭാഗ്യത്തിന് പിന്നിലെ രഹസ്യം
തമിഴ് നടൻ ആർ മാധവനും നടി കാവേരിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു ‘മെയ്ഡ് ഇൻ യു എസ് എ’. ഇന്നുവരെ ലോകസിനിമാ ചരിത്രത്തിൽ ഉണ്ടാകാത്ത ഒരു അപൂർവതയും ആ ചിത്രത്തിനുണ്ട്. ചിത്രത്തിലെ നായികയായ കാവേരി തന്നെയാണ് കാവേരിയുടെ കുട്ടിക്കാലവും അഭിനയിച്ചിരിക്കുന്നത്. ഇന്ന് ആ ചിത്രം കാണുമ്പോൾ പലരും അമ്പരന്ന് പോയേക്കാം, ഇങ്ങനെയൊരു കൗതുകകാഴ്ചയിലൂടെ. ‘മെയ്ഡ് ഇൻ യു എസ് എ’ എന്ന ചിത്രത്തിനെക്കുറിച്ച് ജ്യോതിലാൽ എന്ന സിനിമ പ്രേമി പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ അപൂർവത വീണ്ടും ചർച്ചയാകുന്നത്.
ജ്യോതിലാലിന്റെ കുറിപ്പ്;
കുറച്ചു മുമ്പുവരെ LJP യുടെ ഓസ്ക്കാർ എന്ന ചർച്ചയ്ക്ക് ചെവി കൊടുത്തിരിക്കുകയായിരുന്നു. ഒരഭിപ്രായം കേട്ടത് ഇത്രയധികം ടാലൻ്റ് ഉള്ള ഒരു സംവിധായകൻ കേരളത്തിൽ ജനിച്ചിട്ടില്ല എന്നു വരെയാണ്. തീർച്ചയായും LJP വളരെ മികച്ച സംവിധായകനാണ് സംശയമില്ല. എന്നാൽ ഈ 2000 ബോൺ ആയ ചില കുട്ടികൾക്ക് വളരെ ഗുരുതരമായ ഒരു പ്രശ്നമുണ്ട്. തങ്ങൾ ജനിച്ചു, സിനിമ കണ്ടു തുടങ്ങി അതിനു ശേഷം മാത്രമേ മലയാള സിനിമയുള്ളു എന്ന ഒരു വിചാരം അവരിൽ ഒരു കൂട്ടരിൽ അടി യുറച്ച് വന്നിട്ടുണ്ട്. പല തർക്കങ്ങളുടേയും മൂലകാരണം അതാണ്.
ഇന്ത്യ ആദ്യമായി ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി സമർപ്പിച്ച മലയാള ചിത്രമാണ് ‘ഗുരു’. അതിന്റെ സംവിധായകനായിരുന്നു രാജീവ് അഞ്ചൽ. ഇന്നും നാം സംസാരിക്കുന്ന ഈ 2020 ലും സാങ്കേതിക തികവിൽ അതിനെ മറി കടക്കുന്ന ഒരു ചലച്ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ രാജീവ് അഞ്ചൽ ആരാണെന്ന് പറഞ്ഞു കൊടുക്കാൻ അവസാനം ഗൂഗിൾ ചെയ്ത് കാണിക്കേണ്ടി വന്നു. അദ്ദേഹം ചെയ്ത എല്ലാ ചിത്രങ്ങളും മികച്ചതാണ് എന്ന അഭിപ്രായമില്ലെങ്കിലും സ്വന്തം അക്കൗണ്ടിൽ ചെയ്ത നല്ല സിനിമകളുടെ അടിസ്ഥാനത്തിൽ നമുക്ക് ഒരാളുടെ പ്രതിഭ മാറ്റുരച്ച് നോക്കാവുന്നതാണ്.
ഉദാഹരണമായി അധികം ചർച്ച ചെയ്യപ്പെടാത്ത എന്നാൽ എന്റെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഉള്ള ഒരു സിനിമയാണ് ‘മെയ്ഡ് ഇൻ യു എസ് എ’. കഴിഞ്ഞ ദശകത്തിൽ ടീനേജ് ആഘോഷിച്ച തലമുറയുടെ അതിൽ തന്നെ പെൺകുട്ടികളുടെ ക്രഷ് എന്നു പറയാവുന്ന മാധവൻ മലയാളത്തിൽ നായകനായി അഭിനയിച്ച ചിത്രം. പ്രമേയപരമായി ഈ സിനിമക്ക് അക്കാലത്ത് നല്ല പുതുമ ഉണ്ടായിരുന്നു. മലയാളം അധികമൊന്നും പരാമർശിച്ചിട്ടില്ലാത്ത ചൂതാട്ടവും അതുമൂലമുണ്ടാവുന്ന ധനനഷ്ടവും ഒരാളുടെ ജീവിതത്തിൽ ചെലുത്തുന്ന മാനസിക അസ്വാസ്ഥ്യവുമൊക്കെ ആയിരുന്നു ചിത്രം പറഞ്ഞത്. മാധവനൊപ്പം തമ്പി ആന്റണിയും കാവേരിയും പ്രധാന വേഷം കൈകാര്യം ചെയ്തു. അമേരിക്കൻ മലയാളികളുടെ ജീവിതം സിനിമാറ്റിക് പ്രൊഫൈലിലാണെങ്കിലും ഒരു വിഷയമായി കാണിച്ചു തന്നത് ഈ സിനിമയാണ്. പാട്ടുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ എല്ലാ പാട്ടുകളും ഇന്നും ഏറെ പ്രിയപ്പെട്ടതായി തുടരുന്നു.
Read More:ഇബ്ലീസിനു ശേഷം പുതിയ ചിത്രവുമായി സംവിധായകന് രോഹിത് വിഎസ്; ടൊവിനോ നായകനായി ‘കള’ ഒരുങ്ങുന്നു
ഇതിലെ നായികയായ കാവേരിക്ക് ഒരു വലിയ നേട്ടം ഈ സിനിമ നൽകിയിട്ടുണ്ട് എന്നുള്ളതാണ് ‘മെയ്ഡ് ഇൻ യു എസ് എ’ എന്ന സിനിമയുടെ മറ്റൊരു പ്രത്യേകത. നായികയായ കാവേരിയുടെ കുട്ടിക്കാലത്തെ രൂപമായി സിനിമ കാണിക്കുന്നതും ബാലികയായ അതേ കാവേരിയെ തന്നെ ആയിരുന്നു. സിനിമയിൽ ഒരാൾക്കും ലഭിക്കാത്ത അപൂർവ്വ ഭാഗ്യം അങ്ങനെ കാവേരിക്ക് ലഭിച്ചു. 1986–ൽ രാജീവ് അഞ്ചൽ തന്നെ സംവിധാനം ചെയ്ത ‘അമ്മാനം കിളി’ എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു കാവേരി തന്റെ സിനിമ കരിയറിന് തുടക്കം കുറിക്കുന്നത്. ദൗർഭാഗ്യവശാൽ ആ ചിത്രം റിലീസായില്ല. പിൽക്കാലത്ത് ‘മെയ്ഡ് ഇൻ യു എസ് എ’ അദ്ദേഹം ചെയ്യുമ്പോൾ ‘അമ്മാനം കിളി’യുടെ വിഷ്വൽസ് ചിത്രത്തിലെ ‘പുന്നെല്ലിൻ കതിരോല’ എന്ന പാട്ടിന് ഉപയോഗിക്കുകയായിരുന്നു.
Story highlights-untold story behind made U S A movie