110- ആം വയസിൽ കൊവിഡിനെ അതിജീവിച്ച് പാത്തുമ്മ
ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാവിപത്തിനെ തുടച്ച് നീക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ വൈറസ് ബാധിതരുടെ എണ്ണം ദിവസേന വർധിക്കുമ്പോൾ ഭീതിയോടെയാണ് ലോകജനത. അതേസമയം കൊവിഡിനെതിരെ ശക്തമായി പോരാടുന്ന കേരളക്കരയ്ക്ക് അഭിമാനമാകുകയാണ് 110 ആം വയസിൽ കൊവിഡിനെ അതിജീവിച്ച പാത്തു. ഓഗസ്റ്റ് 18-നാണ് മഞ്ചേരി രണ്ടത്താണി വാരിയത്ത് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന പാത്തുവിപ്പോൾ കൊറോണ വൈറസിനെ അതിജീവിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി പാത്തു. അതേസമയം പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നല്കി കൊവിഡിന്റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും 105 വയസുകാരി അഞ്ചല്‍ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും 103 വയസുകാരന് ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവര്‍ കൊവിഡിൽ നിന്നും മുക്തി നേടിയിരുന്നു.
Story Highlights: 110 old woman overcome covid19