സൗഹൃദത്തിന്റെ ഊഷ്മളതയും, പ്രണയത്തിന്റെ കുളിരും പകർന്ന ക്ലാസ്സ്മേറ്റ്സ്; എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രത്തിന്റെ 14 വർഷങ്ങൾ
കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിടുകയാണ്. 2006 ആഗസ്റ്റ് 25 നാണ് മലയാളത്തിലെ മുൻനിര യുവതാരങ്ങളെല്ലാം അണിനിരന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. വർഷങ്ങൾ പിന്നിടുമ്പോഴും അതേ പുതുമയോടെ ക്ലാസ്സ്മേറ്റ്സ് മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കുകയാണ്.
ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അണിനിരന്നത് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ, ബാലചന്ദ്ര മേനോൻ, കാവ്യാ മാധവൻ, രാധിക എന്നിവരാണ്. സി എം എസ് കോളേജിന്റെ പശ്ചാത്തലത്തിൽ പങ്കുവെച്ച സൗഹൃദത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, പ്രണയത്തിന്റെയും, പകയുടെയും കഥ ജനലക്ഷങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
3.4 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. ബോക്സോഫീസില് നിന്ന് 25 കോടിയോളം രൂപ ചിത്രം നേടുകയും ചെയ്തു. ലാൽ ജോസിന്റെ സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും മികച്ചതെന്ന് വിലയിരുത്തുന്ന ചിത്രമാണ് ക്ലാസ്സ്മേറ്റ്സ്.
ചിത്രത്തിലെ ഓരോ അഭിനേതാക്കൾക്കും ഒരു വഴിത്തിരിവ് തന്നെയായിരുന്നു ചിത്രം. സുകുമാരനും പയസും മുരളിയും സതീശനുമെല്ലാം അന്നും ഇന്നും പ്രേക്ഷകർക്ക് സുപരിചിതരാണ്. അടുത്തിടെ ഈ ർമ്മകൾ പുതുക്കി ക്ലാസ്സ്മേറ്റ്സ് ടീം വീഡിയോ കോൾ ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു.
Read More: കാറ്റലകൾ പോൽ സുന്ദരിയായി നന്ദന; ശ്രദ്ധ നേടി ചിത്രങ്ങൾ
സിനിമ പോലെ തന്നെ മനോഹരമായിരുന്നു, അതിലെ ഓരോ ഗാനങ്ങളും. ക്ലാസ്സ്മേറ്റ്സിനു ശേഷം നിരവധി വേദികളിൽ ഉയർന്നുകേട്ടത് ‘എന്റെ ഖൽബിലെ വെണ്ണിലാവ് നീ..’ ആയിരുന്നു. ഓരോ കോളേജ് ടൂറിലും വിദ്യാർത്ഥികൾ ഏറ്റുപാടിയത് ‘കാറ്റാടി തണലും..’ ആയിരുന്നു. സിനിമയുടെ ചുവടുപിടിച്ച് പിന്നീട് ഇങ്ങോട്ട് ഒട്ടേറെ കോളേജ് റീ യൂണിയനുകളും നടന്നു. കോളേജ് കാലത്തെ പ്രണയവും രാഷ്ട്രീയവുമെല്ലാം അതിമനോഹരമായി പകർത്തിയ ചിത്രത്തിനെ വെല്ലാൻ പിന്നീട് ഒരു ക്യാമ്പസ് ചിത്രവും പിറന്നിട്ടില്ല എന്നതാണ് വാസ്തവം.
Story highlights- 14 years of classmates